തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാകും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വിധിയിൽ പറഞ്ഞു.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്.
Post Your Comments