KeralaLatest NewsNewsIndia

‘എന്നെ തഴഞ്ഞവരിൽ പിണറായി സർക്കാറും സിപിഎമ്മും’; കേരളം വിട്ട ബിന്ദു അമ്മിണി ഇനി സുപ്രീം കോടതി അഭിഭാഷക, പുതിയ തട്ടകം ഡൽഹി

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലൂടെ വിവാദത്തിൽ ആയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. സുപ്രീം കോടതിയില്‍ അഭിഭാഷകയായി എൻറോൾ ചെയ്ത് പ്രവർത്തിക്കാനാണ് ഇനി പദ്ധതിയെന്ന് കേരളം വിട്ട ബിന്ദു അമ്മിണി വ്യക്തമാക്കി. ലീഡിങ് ലോയർ ആയ മനോജ്‌ സെൽവന്റെ ഓഫീസിൽ ആണ് ബിന്ദു അമ്മിണി ജോയിൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിന്ദു അമ്മിണി കേരളം വിട്ടത്. പ്രത്യേക സാഹചര്യത്തിൽ ആണ് താൻ കേരളം വിട്ടുപോരാൻ തീരുമാനിച്ചതെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന്‌ താൻ പറഞ്ഞിട്ടില്ലെന്നും, ആദിവാസി ദളിത്‌ മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമന പരം ആണ് എന്ന അഭിപ്രായം തനിക്കില്ലെന്നും ആക്ടിവിസ്റ്റ് പറയുന്നു.

ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ലീഡിങ് ലോയർ ആയ മനോജ്‌ സെൽവൻ സർ ന്റെ ഓഫീസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അദ്ധ്യാപനത്തിൽ ആയിരുന്നു.
2023 മാർച്ച്‌ മാസം വരെ. എന്നാൽ എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു.

എന്നാൽ പ്രേത്യേക സാഹചര്യത്തിൽ കേരളം വിട്ടു പോരാൻ തീരുമാനിക്കുകയും, ഡൽഹിയിൽ എത്തി എന്ത് ചെയ്യും എന്ന്‌ പോലും ഉറപ്പില്ലാതെ ആണ് ഇവിടെ എത്തിയത്. എന്നാൽ അതിനൊക്കെ ഒരുപാട് മുകളിൽ ആണ് ഞാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന്‌ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ ആദിവാസി ദളിത്‌ മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമന പരം ആണ് എന്ന്‌ എനിക്ക്‌ അഭിപ്രായം ഇല്ല. അത് എന്റെ അനുഭവം കൂടി ആണ്. ഞാൻ ഒരു ഇടതു പക്ഷ ചിനന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. അതിനർത്ഥം ഞാൻ ആന്റി മാർക്സിസ്റ്റ്‌ ആണ് എന്നല്ല.

ഒരു കമ്മ്യൂണിസ്റ്റ്‌കാരി ആയി ഇരിക്കുന്നത് സിപിഎം എന്നോട് എന്ത് സമീപനം സ്വീകരിച്ചു എന്നത് അടിസ്ഥാനപ്പെടുത്തി അല്ല. ഇപ്പോഴും കേരളത്തിൽ സിപിഎം നെ പിന്തുണക്കുന്ന ആളാണ്‌ ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക്‌ ശരി അല്ല എന്ന്‌ തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്സിസ്റ്റ്‌ സൈബർ പോരാളികളും ഉണ്ട്. ഞാൻ എന്റെ ശരികൾക്കൊപ്പം ആണ്. തെറ്റാണ് എന്ന്‌ ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സന്നദ്ധയുമാണ്. എനിക്ക്‌ ശരി എന്ന്‌ തോന്നുന്നത് മാത്രം ആണ് ഞാൻ ചെയ്‌ത് കൊണ്ടിരിക്കുന്നത്.

കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ്‌ തുടങ്ങി എല്ലാവരും ഉണ്ട്. പാർട്ടികൾക്ക് അതീതമായി ചിന്തിക്കുന്നവരുടവയും, ലിബറൽ സ്പേസിൽ തന്നെ ഉള്ള ചിലരുടെയും പുതു തലമുറയിൽ പെട്ടവരുടെയും മറ്റും സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button