
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായാണെന്ന ആരോപണങ്ങള്‍ക്ക് ബലംപകര്‍ന്ന് പുതിയ തെളിവുകള്‍. ബ്രൂവറിക്ക് വേണ്ടി ഇറക്കിയ ഒരു ഉത്തരവ് വെബ്സൈറ്റില്‍ ഇല്ല. പവര്‍ ഇന്‍ഫ്രാടെക് കമ്പനിക്ക് ബ്രൂവറി അനുവദിച്ച ഉത്തരവാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. ആരോപണങ്ങളില്‍ ഏറ്റവും വിവാദമായ ഉത്തരവാണിത്. രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു സി പി ഐ യുടെ പ്രതികരണം.സിപിഐയും പാർട്ടിമന്ത്രിമാരും അറിഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലാവുകയും ചെയ്തു.
സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചതിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി അതീവ രഹസ്യമായാണ് ഉത്തരവിറക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയർ നിർമ്മാണത്തിന് അനുമതി നൽകിയത്. തൃശൂരിൽ ശ്രീചക്രാ ഡിസ്റ്റിലറിക്ക് വിദേശമദ്യ നിർമ്മാണത്തിനും സർക്കാർ അനുമതി നൽകിയിരുന്നു.
കൂടാതെ കണ്ണൂരിലെ കെഎസ് ഡിസ്റ്റിലറിയുടേയും തൃശൂരിലെ എലൈറ്റ് ഡിസ്റ്റിലറിയുടെയും ശേഷി കൂട്ടാനും അനുവാദം നൽകിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.1999ൽ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് മറികടന്നായിരുന്നു നടപടി. മദ്യനയത്തിൽ സൂചിപ്പിക്കാതെ അപേക്ഷ ക്ഷണിക്കാതെ ഇഷ്ടക്കാരിൽ നിന്ന് മാത്രം അപേക്ഷ വാങ്ങി അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
Post Your Comments