കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചിയില്‍ നാല് ദിവസമായി നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് ആറ് മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം.
സംസ്ഥാനത്തിന്റെ പ്രളയാനന്തര അതിജീവനം ലോകത്തെ അറിയിക്കാനുള്ള അവസരമായി മേളയെ മാറ്റാനാണ് സംഘാടകരുടെ ശ്രമം. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകള്‍, സെമിനാറുകള്‍ നയരൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയവ നടക്കും.
പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലുണ്ടായിരിക്കുന്ന മാന്ദ്യത്തിനും കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. അവസാന ദിവസം പൊതുജനങ്ങളെ സൗജന്യമായി പ്രവേശിപ്പിക്കും. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരും കെ ടി എമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്ത് നിന്നുമായി 1,600 ടൂറിസം സംരംഭകരാണ് മേളയില്‍ പങ്കെടുക്കുന്നത്.
Post Your Comments