ഇന്ന് ഇരുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഗൂഗിൾ. അറിയുന്നതും അറിയാത്തതുമായ കാര്യങ്ങൾ ഗൂഗിളില്‍ തിരയുന്ന ശീലം കഴിഞ്ഞ 20 വര്‍ഷമായി മനുഷ്യർ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഗൂഗിൾ ഡൂഡിലും.
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ. ഇരുപതാം പിറന്നാൾ ഓർമപ്പെടുത്തുന്ന വിധം ഗൂഗിൾ എന്ന ലോഗോയിൽ 20 എന്നുകൂടി എഴുതി ചേർത്തിട്ടുണ്ട്.
ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ . ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.
വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു. 2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.
Post Your Comments