ചരിത്രം ഒരിക്കലും കെട്ടുകഥയല്ല.നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഭയവും ഞങ്ങള്‍ക്ക് പ്രചോദനവുമായിരുന്നു…’മരിച്ചാലും ഞങ്ങളുടെ രാജ്യസ്‌നേഹം നശിക്കില്ല, മൃതശരീരങ്ങളില്‍ നിന്നുപോലും മാതൃഭൂമിയുടെ ഗന്ധം വമിക്കും. ഇന്ത്യന്‍ വിപ്ലവകാരികള്‍ ആദര്‍ശത്തിന് വേണ്ടി സസന്തോഷം മരണം പൂകുന്നത് കാണാന്‍ വെള്ളക്കാരേ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടായിരിക്കുന്നു’,,,, ഭഗത്…… തോക്ക് പൂക്കുന്ന പാടം ചെറുപ്പത്തിലേ നിന്റെ സ്വപ്നമായിരുന്നു….. ബ്രിട്ടീഷ് പട്ടാളത്തിന്റെ കോടതി മുറിയില്‍ നീ ഉച്ചത്തില്‍ വിളിച്ച ദേശാഭിമാനമുദ്രാവാക്യങ്ങള്‍ ഇവിടെ ഇന്നും ഉച്ചത്തില്‍ ഏറ്റു വിളിക്കുന്നുണ്ട്…….ഭഗത്….. നിന്നെ അവര്‍ക്ക് ഭയമായിരുന്നു… അതേ അവര്‍ക്ക് ഭഗതിനെ ഭയമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ പേരുകാരന്‍ പകര്‍ന്ന വിപ്‌ളവച്ചൂട് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. ഇരുപത്തിനാലാം വയസ്സില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്റെ പേരില്‍ 1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗിനെ വെള്ളപ്പട്ടാളം തൂക്കിലേറ്റിയത്. ഭഗതിനൊപ്പം മരിക്കാന്‍ സുഖ്‌ദേവും രാജ്ഗുരുവുമുണ്ടായിരുന്നു. 1907 സെപ്റ്റംബര്‍ 28ന് പഞ്ചാബിലെ ബല്‍ഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷന്‍സിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കള്‍ തന്നെയാണ് പകര്‍ന്നത്. കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാര്‍ഢ്യം കുഞ്ഞുനാളിലേ ആ മനസ്സിലുണ്ടായിരുന്നു.
അച്ഛനും സുഹൃത്തും നടക്കാന്‍ പോകുമ്പോള്‍ ഒരിക്കല്‍ കൊച്ചു ഭഗത്തും കൂടെ പോയി. നടന്നു നടന്ന് ഒരു വയല്‍ വരമ്പിലൂടെ അവര്‍ പോവുകയായിരുന്നു. പിന്നില്‍ നടന്നിരുന്ന കുഞ്ഞിന്റെ കാലൊച്ച കേള്‍ക്കാതിരുന്നപ്പോള്‍ അച്ഛന്‍ തിരിഞ്ഞു നോക്കി. ഭഗത് വയല്‍ വരമ്പില്‍ കുത്തിയിരിക്കുകയായിരുന്നു. ‘എന്തു പറ്റി?’ എന്നു തിരക്കിയപ്പോള്‍ ഞാനിവിടെയെല്ലാം തോക്കുകള്‍ കൃഷി ചെയ്യും എന്നായിരുന്നു കുഞ്ഞിന്റെ മറുപടി. വിവാഹിതനാവുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഭഗത് ഒളിച്ചോടി നൗജവാന്‍ ഭാരത് സമാജില്‍ ചേര്‍ന്നു. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല യുവാവായ ഭഗത്തിന്റെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. അവിടത്തെ ചോരയില്‍ കുതിര്‍ന്ന ഒരുപിടി മണ്ണ് അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. 1926ല്‍ ഭഗത് സിംഗ് നൗജവാന്‍ ഭാരത് സഭ രൂപീകരിച്ചു.
രണ്ടു വര്‍ഷത്തിനു ശേഷം നൗജവാന്‍ ഭാരത് സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കന്‍ അസോസിയേഷന്‍ എന്ന വിപ്‌ളവ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ സ്വതന്ത്രഭരണം സ്ഥാപിക്കുക – ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം.1929 ഏപ്രില്‍ എട്ടിന് തൊഴില്‍ തര്‍ക്ക ബില്ലും പൊതുബില്ലും സുരക്ഷാ ബില്ലും അവതരിപ്പിക്കാനിരിക്കെ അസംബ്‌ളി മന്ദിരത്തില്‍ ഭഗത് സിംഗും കൂട്ടരും ബോംബെറിഞ്ഞു. ജയിലിലായ ഭഗത് സിംഗിന്റെയും കൂട്ടുകാരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലാഹോര്‍ ഗൂഢാലോചനക്കേസ്! ഇതിന്റെ പേരിലാണ് ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയത്.
ബാല്യകാലം മുതല്‍ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയിരുന്ന ഭഗത് സിംഗിനെ തീവ്ര ഇടത് ചിന്താഗതിക്കാരനാക്കിയത് യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. അതോടെ അദ്ദേഹം അരാജക വാദത്തോടും മാര്‍ക്സിസത്തോടും അടുത്തു. ഇന്ത്യയിലെ ആദ്യ മാര്‍ക്സിസ്റ്റുകളിലൊരാളായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത നിരീശ്വര വാദിയായിരുന്ന അദ്ദേഹം എന്തുകൊണ്ട് ഞാന്‍ ഒരു അവിശ്വാസി (വൈ അയാം ആന്‍ എത്തീയിസ്റ്റ്) എന്ന പേരില്‍ ലേഖനമെഴുതി. തന്റെ ചിന്തകള്‍ പൊള്ളയാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി ആ പുസ്തകം. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സിംഗ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസില്‍ കീഴടങ്ങുന്നതും തൂക്കിലേറ്റപ്പെടുന്നതും. രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങളുണ്ടായിട്ടും തന്റെ ആശയം ബ്രിട്ടീഷ്‌കാര്‍ തിരിച്ചറിയാനാണ് ഭഗത് സിംഗും സുഹൃത്തുക്കളും കീഴടങ്ങുന്നത്.
തുടര്‍ന്നു ആ വിപ്ലവ നായകന്റെ പോരാട്ടങ്ങള്‍. ജയിലിലും തുല്യ നീതിക്കുതന്നെയായിരുന്നു പോരാട്ടം. എല്ലാ തടവുകാര്‍ക്കും ഒരേ പരിഗണന ആവശ്യപ്പെട്ട് അദ്ദേഹം 63 ദിവസത്തെ നിരാഹാരസമരം നടത്തി. 86 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1931 മാര്‍ച്ച് 24 ന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23 വൈകീട്ട് 7:30 ബ്രിട്ടീഷുകാര്‍ നടപ്പിലാക്കി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ മൃതശരീരങ്ങള്‍ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് ദഹിപ്പിച്ചു. ആ പോരാളികളുടെ ചാരം, സത്ലജ് നദിയിലൊഴുക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. ഭഗത് സിംഗ് തെളിച്ച അഗ്നിനാളം ഇന്നും കെട്ടിട്ടില്ല. പുതിയ വിപ്ലവ ശബ്ദങ്ങള്‍ക്ക് ഭഗത് സിംഗ് എന്ന ചുവടെഴുത്തു കൂടിയെത്തുന്നത് അത് കൊണ്ടാണ്. എല്ലാ എതിര്‍ ശബ്ദങ്ങളെയും നവീകരണ പോരാട്ടങ്ങളെയും ഭഗത് സിംഗിന്റെ പേരുകൂട്ടി തന്നെയേ ഓരോഇന്ത്യക്കാരനും വരും നാളുകളിലും വായിക്കൂ.
Post Your Comments