ഇരുപത്തിനാലാം വയസ്സില്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയായ ഭഗത് സിംഗിന്റെ ജ/യന്തി ദിനമാണ് സെപ്റ്റംബര്‍ 28.
ഭഗത് സിംഗ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ പേരുകാരന് പകര്‍ന്ന വിപ്ളവച്ചൂട് 70 ആണ്ട് കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല .ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്റ പേരില്‍ 1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗിനെ വെള്ളപ്പട്ടാളം തൂക്കിലേറ്റിയത്.ഭഗതിനൊപ്പം മരിക്കാന്‍ സുഖ്ദേവും രാജ്ഗുരുവുമുണ്ടായിരുന്നു.
1907 സെപ്റ്റംബര്‍ 28ന് പഞ്ചാബിലെ ബല്ഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷന്‍സിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കള്‍ തന്നെയാണ് പകര്‍ന്നത്.
കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്.ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ഛയ ദാര്‍ഢ്യം കുഞ്ഞു നാളിലേ ആ മനസ്സിലുണ്ടായിരുന്നു. അച്ഛനും സുഹൃത്തും നടക്കാന്‍ പോകുമ്പോള്‍ ഒരിക്കല്‍ കൊച്ചു ഭഗത്തും കൂടെ പോയി. നടന്നു നടന്ന് ഒരു വയല്‍ വരമ്പിലൂടെ അവര്‍ പോവുകയായിരുന്നു. പിന്നില്‍ നടന്നിരുന്ന കുഞ്ഞിന്റെ കാലൊച്ച കേള്‍ക്കാതിരുന്നപ്പോള്‍ അച്ഛന് തിരിഞ്ഞു നോക്കി.
ഭഗത്ത് വയല്‍ വരമ്പില്‍ കുത്തിയിരിക്കുകയായിരുന്നു. എന്തു പറ്റി എന്നു തിരക്കിയപ്പോള്‍ ഞാനിവിടെയെല്ലാം തോക്കുകള്‍ കൃഷി ചെയ്യും എന്നായിരുന്നു കൊച്ച് ഭഗതിന്റെ മറുപടി. കുഞ്ഞു നാളിലേ തന്റെ മാതൃഭൂമിയ്ക്കായി പോരാടാന്‍ തന്നെയായിരുന്നു ആഗ്രഹം
ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികള്‍ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനില്‍ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേ ദിവസം ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയില്‍ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി.[ബാലനായിരിക്കുമ്പോള്‍ തന്നെ ഭഗതിന്റെ ജീവിതത്തില്‍ ദേശസ്നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്.
Post Your Comments