Specials

ഭഗത് സിംഗ് : ഭാരതത്തിന്റെ ഇനിയും മായാത്ത വിപ്ലവ നക്ഷത്രം..

‘വിവാഹത്തിന് യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്. എന്റെ രാജ്യത്തെ രക്ഷിക്കാനായി ഹൃദയവും ആത്മാവും കൊണ്ട് എനിക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. എന്റെ രാജ്യം അസ്വാതന്ത്ര്യമായിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും”

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്‍ ഭഗത് സിംഗിന്റെ വാക്കുകളാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്‍ന്നുനല്‍കി തൂക്കുമരം പൂകിയ ഭഗത് സിംഗ് ഇന്നും നമ്മുടെയെല്ലാം ഓര്‍മ്മകളില്‍ ജീവിക്കുന്നു. എത്രയാളുകള്‍ക്ക് അറിയാം ഈ വീരപുത്രന്റെ ചരിത്രം?

ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കര്‍ഷക കുടുംബത്തില്‍ 1907 സെപ്തംബര്‍ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛന്‍ – സര്‍ദാര്‍ കിഷന്‍ സിംഗ്. അമ്മ – വിദ്യാവതി. ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയില്‍മോചിതരാവുന്നത്. ഭാഗ്യമുള്ള കുട്ടി എന്നര്‍ത്ഥം വരുന്ന ഭഗോണ്‍വാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. ഈ പേരില്‍ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്.

തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ദര്‍ശിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ജാലിയന്‍വാലാബാഗിലെ ഒരുപിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ തന്റെ മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വതന്ത്ര്യം, ആവശ്യമെന്ന് പ്രഖ്യാപിച്ച ഭഗത് സിംഗ്, പക്ഷേ തെരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയായിരുന്നു. അതേ പാതയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കടന്നുവന്നു. ബാലനായിരിക്കുമ്പോള്‍ തന്നെ ഭഗതിന്റെ ജീവിതത്തില്‍ ദേശസ്‌നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്.

1920 – ല്‍ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ 13-മത്തെ വയസ്സില്‍ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്‌കൂള്‍ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണല്‍ കോളേജില്‍ ചേര്‍ന്നു. പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നല്‍കിയിരുന്നു. ചരിത്രവും രാഷ്ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു.

വിപ്ലവം കൊണ്ടു മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ കഴിയൂ എന്ന ഭഗത് വിശ്വസിച്ചു തുടങ്ങി. ഗാന്ധിജിയുടെ അക്രമരഹിതസമരരീതിയോട് പൊരുത്തപ്പെടാന്‍ പിന്നീട് ഭഗതിനു കഴിഞ്ഞിരുന്നില്ല. കാരണം ബ്രിട്ടന്‍ ഈ നിരായുധരായ സമരപോരാളികളേപ്പോലും സായുധമായാണ് നേരിട്ടിരുന്നത്. ചൗരിചൗരാ സംഭവത്തെത്തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗതിന്റെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.

ലാലാ ലജ്പത് റായിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് സ്‌കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നല്‍കേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്. മരണമടയുന്ന ഓരോ ഇന്ത്യക്കാരനും പകരമായി പത്ത് ബ്രിട്ടീഷുകാരെങ്കിലും കൊല്ലപ്പെടണം എന്ന് ഭഗത് സുഹൃത്തുക്കളോടായി പറഞ്ഞു.ഭഗവതീ ചരണ്‍ വോഹ്രയുടെ ഭാര്യയും വിപ്ലവകാരിയും കൂടിയായ ദുര്‍ഗ്ഗാദേവിയുള്‍പ്പടെ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരും തന്നെ സ്‌കോട്ടിനെ വധിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. അവസാനം ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖര്‍ ആസാദും നിയോഗിക്കപ്പെട്ടു.] എന്നാല്‍ സ്‌കോട്ടിനു പകരം ജോണ്‍ സൗണ്ടേഴ്‌സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിര്‍ഭാഗ്യവശാല്‍ വധിക്കപ്പെട്ടത്.ഈ കര്‍ത്തവ്യത്തില്‍ പങ്കെടുത്ത ജയഗോപാല്‍ എന്ന പ്രവര്‍ത്തകനാണ് പിന്നീട് കോടതിയില്‍ കൂറുമാറി ജോണ്‍ സൗണ്ടേഴ്‌സ് കേസില്‍ വാദിഭാഗം ചേര്‍ന്ന് ഭഗത് സിംഗിനേയും സുഹൃത്തുക്കളേയും ഒറ്റുകൊടുത്തത്.

1930 മെയ് അഞ്ചു മുതല്‍ 1930 സെപ്തംബര്‍ 10 വരെ നടന്ന വിചാരണയ്ക്കൊടുവില്‍ പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. അസ്സംബ്ലി ബോംബേറു കേസില്‍ ബി.കെ.ദത്ത് ഉള്‍പ്പടെയുള്ള മൂന്നു പേരെ മുമ്പ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മാപ്പപേക്ഷ നല്‍കിയാല്‍ വധശിക്ഷയൊഴിവാകുമെന്നിരിക്കേ തന്റെ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത് സിംഗും കൂട്ടരും. അതിന്‍പ്രകാരം 1931 മാര്‍ച്ച് 24 ന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കി. 1931 മാര്‍ച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി.

മൃതശരീരങ്ങള്‍ പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി ചാരം, സത്ലജ് നദിയിലൊഴുക്കി ബ്രട്ടീഷുകാര്‍ പ്രതികാരം തീര്‍ത്തു.

അന്ന് തങ്ങളുടെ മരണത്തിലൂടെ ഭഗത് സിംഗും രാജഗുരുവും സുഖ്ദേവും കൊളുത്തിയ ദീപം രാജ്യത്ത യുവാക്കളുടെ വിപ്ലവവീര്യത്തില്‍ പടര്‍ന്ന് സ്വതന്ത്ര്യത്തിനിപ്പുറം ഒന്നുമില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യംവരെയെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button