Specials

ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ മാറ്റിവയ്ക്കാനാകാത്ത വ്യക്തിത്വം- ഭഗത് സിംഗ്

ഭഗത് സിംഗ് എന്ന പേര് വിപ്ലവത്തിന്റെ മറുവാക്കാകാൻ തുടങ്ങിയിട്ട് 86 വർഷമാകുന്നു. രാജ്യത്തിന്റെ വിപ്ലവപോരാളി തന്റെ പ്രത്യയ ശാസ്ത്രം ലോകത്തിനും ശത്രുവിനും മുന്നിൽ വെളിപ്പെടുത്തിയാണ് മരണം വരിച്ചത്. അതുകൊണ്ടുതന്നെ 86 വർഷങ്ങൾക്കിപ്പുറവും ഇന്ത്യക്കാരന് വിപ്ലവമെന്ന് കേൾക്കുമ്പോൾ ഭഗത് സിംഗ് എന്ന് പറയാതിരിക്കാനാകില്ല.

1931 മാർച്ച് 23 ന് ബ്രിട്ടീഷ് ഗവൺമെന്റ് ഭഗത് സിംഗിനെ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഭഗത് സിംഗിനൊപ്പം തൂക്കിലേറ്റിയത് അദ്ദേഹത്തോളമോ അതിലേറയോ, സ്വാതന്ത്ര്യം മനസിൽ സൂക്ഷിച്ച സുഗ്‌ദേവിനേയും രാജ് ഗുരുവിനേയും കൂടെയാണ്. ബാല്യകാലം മുതൽ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയിരുന്ന ഭഗത് സിംഗിനെ തീവ്ര ഇടത് ചിന്താഗതിക്കാരനാക്കിയത് യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. അതോടെ അദ്ദേഹം അരാജക വാദത്തോടും മാർക്‌സിസത്തോടും അടുത്തു. ഇന്ത്യയിലെ ആദ്യ മാർക്‌സിസ്റ്റുകളിലൊരാളായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത നിരീശ്വര വാദിയായിരുന്ന അദ്ദേഹം എന്തുകൊണ്ട് ഞാൻ ഒരു അവിശ്വാസി (വൈ അയാം ആൻ എത്തീയിസ്റ്റ്) എന്ന പേരിൽ ലേഖനമെഴുതി. തന്റെ ചിന്തകൾ പൊള്ളയാണെന്ന് പറഞ്ഞവർക്ക് മറുപടിയായി ആ പുസ്തകം.

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സിംഗ് ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസിൽ കീഴടങ്ങുന്നതും തൂക്കിലേറ്റപ്പെടുന്നതും. രക്ഷപ്പെടാൻ മാർഗ്ഗങ്ങളുണ്ടായിട്ടും തന്റെ ആശയം ബ്രിട്ടീഷ്‌കാർ തിരിച്ചറിയാനാണ് ഭഗത് സിംഗും സുഹൃത്തുക്കളും കീഴടങ്ങുന്നത്.ജയിലിലും തുല്യ നീതിക്കുതന്നെയായിരുന്നു പോരാട്ടം. എല്ലാ തടവുകാർക്കും ഒരേ പരിഗണന ആവശ്യപ്പെട്ട് അദ്ദേഹം 63 ദിവസത്തെ നിരാഹാരസമരം നടത്തി.

86 വർഷങ്ങൾക്ക് മുമ്പ്, 1931 മാർച്ച് 24 ന് നടപ്പിലാക്കാൻ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ മാർച്ച് 23 വൈകീട്ട് 7:30 ബ്രിട്ടീഷുകാർ നടപ്പിലാക്കി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ മൃതശരീരങ്ങൾ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് ദഹിപ്പിച്ചു. ആ പോരാളികളുടെ ചാരം, സത്‌ലജ് നദിയിലൊഴുക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button