ന്യൂയോർക്ക്: ദാരിദ്ര്യനിർമാർജന യത്നത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തെ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു. നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി ഇടത്തട്ടുകാരുടെ നിലയിലെത്തിച്ചിരിക്കുകയാണെന്നു ട്രംപ് പറഞ്ഞു.
മേലിൽ അമേരിക്കയുടെ സുഹൃത്തുക്കൾക്കു മാത്രമായി വിദേശസഹായം പരിമിതപ്പെടുത്തുമെന്നും 35 മിനിറ്റ് ദീർഘിച്ച പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കി. ഞങ്ങളെ ആദരിക്കുകയും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നവരെ മാത്രമേ സഹായിക്കൂ.
ആഗോളീകരണത്തെ അംഗീകരിക്കുന്നില്ലെന്നു പ്രഖ്യാപിച്ച ട്രംപ് അമേരിക്കയുടെ പരമാധികാരം ഉത്തരവാദിത്വമില്ലാത്ത ഒരുകൂട്ടം ആഗോള ബ്യൂറോക്രാറ്റുകൾക്ക് അടിയറവയ്ക്കില്ലെന്നും തറപ്പിച്ചു പറഞ്ഞു.
മുൻ അമേരിക്കൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് തന്റെ സർക്കാർ ഏറെ നേട്ടം കൈവരിച്ചെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചപ്പോൾ സദസ്യർ കളിയാക്കിച്ചിരിച്ചു. ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും സാരമില്ലെന്നും പറഞ്ഞു കത്തിക്കയറിയ ട്രംപ് ഇറാനെതിരേ ആഞ്ഞടിച്ചു, ഇറാനുമായുള്ള ആണവക്കരാറിൽനിന്നു പിന്മാറിയതിനെ ന്യായീകരിച്ച അദ്ദേഹം ഇറാനെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു. നാശവും മരണവും വിതയ്ക്കുകയാണ് അവർ. സ്വന്തം രാജ്യത്തെ കൊള്ളയടിച്ച് അവരുടെ നേതാക്കൾ സ്വത്തു വാരിക്കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments