Latest NewsInternational

നൂറ് ദിവസത്തിന് ശേഷം ‘ഓപ്പര്‍ച്യൂണിറ്റി’ കണ്ടെത്തി: നാസയുടെ പര്യവേഷണവാഹനം നിശ്ചലം

വാഷിങ്ടണ്‍: പൊടിക്കാറ്റില്‍പ്പെട്ട് മറഞ്ഞ ചൊവ്വ പര്യവേഷണ വാഹനമായ ഓപ്പര്‍ച്യുണിറ്റി കിടക്കുന്ന സ്ഥലം നാസ കണ്ടെത്തി. പൊടിമണ്ണില്‍മൂടി സൂര്യപ്രകാശം ലഭിക്കാതെ നൂറ് ദിവസമായി നിഷ്‌ക്രിയാവസ്ഥയിലായിരുന്നു ഓപ്പര്‍ച്യൂണിറ്റി.

ചൊവ്വാഴ്ചയാണ് നാസയുടെ മാര്‍സ് റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എംആര്‍ഒ) ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറ വഴി ചുവന്ന ഗ്രഹത്തില്‍ ഓപ്പര്‍ച്യൂണിറ്റിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തിയത്. അതേസമയം ഓപ്പര്‍ച്യൂണിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്ക തുടരുകയാണെന്നും നാസ പ്രസ്താവനയിലൂടെ അറിയിച്ചു. പര്യവേഷണ വാഹനം കണ്ടെത്തിയെങ്കിലും ഇതില്‍ നിന്നും സന്ദേശങ്ങളൊന്നും ലഭിക്കുന്നില്ല. കഴിഞ്ഞ ജൂണ്‍ പത്തിനാണ് നാസയ്ക്ക് ഓപ്പര്‍ച്യൂണിറ്റിയില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്.

 

സെപ്തംബര്‍ 20നാണ് ഓപ്പര്‍ച്യൂണിറ്റിയുടെ ചിത്രം ലഭിച്ചത്. ചൊവ്വ പ്രതലത്തിലെ പൊടിക്കാറ്റ് കുറഞ്ഞതായാണ് ചിത്രത്തില്‍ നിന്ന് മനസിലാകുന്നതെന്നും നാസ അറിയിച്ചു.

വാഹനത്തിന്റെ സോളാര്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗരോര്‍ജ്ജം ലഭിക്കുമോ എന്ന പരിശോധനയിലാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍. സൗരോര്‍ജ്ജം സ്വീകരിച്ചായിരുന്നു റോവറിന്റൈ ബാറ്ററി ചാര്‍ജ്ജ് ചെയ്തിരുന്നത്. ചൊവ്വയെക്കുറിച്ചുള്ള പഠനത്തിനായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച ‘ഓപ്പര്‍ച്യുണിറ്റി’ 2004 ജനുവരിയിലാണ് ചൊവ്വയിലെത്തിയത്. ചൊവ്വയില്‍ ജലമുണ്ടെന്നതിന് ശക്തമായ പല തെളിവുകളും ഈ പര്യവേഷണവാഹനം നാസയ്ക്ക നല്‍കിയിരുന്നു. ചൊവ്വയില്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന പര്യവേഷണ വാഹനമെന്ന റെക്കോഡും ഓപ്പര്‍ച്യൂണിറ്റി സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button