ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. മലയാളികളുടെ സ്വന്തം സംഗീതഞ്ജനായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയും രണ്ട് വയസ്സുകാരിയായ തേജസ്വിനി മരിച്ചുവെന്നുമറിഞ്ഞതില്‍പ്പിന്നെ നമ്മളെല്ലാം അസ്വസ്ഥരാണ്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ പകച്ച് പോവാറുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ നിന്നും കരകയറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജ എത്തിയത്. മകളുടെ വിയോഗത്തെക്കുറിച്ച് അറിയാതെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ദമ്പതികള്‍. 26 വര്‍ഷം മുന്‍പ് ഇതുപോലൊരു അപകടത്തിലാണ് സുരേഷ് ഗോപിക്ക് മൂത്തമകളായ ലക്ഷ്മിയെ നഷ്ടമായത്.
രാധികയുടെയും സുരേഷ് ഗോപിയുടെയും ജീവിതത്തിലേക്കെത്തിയ കുരുന്നുമകളുടെ ചിത്രം അക്കാലത്ത് മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഒന്നര വയസ്സായിരിക്കുമ്പോഴാണ് ലക്ഷ്മി യാത്രയായത്. സിനിമാലോകത്തെയും കേരളക്കരയും ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു ഇത്. തേജസ്വിനിയുടെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ പലരും ആദ്യം ഓര്‍ത്തതും ലക്ഷ്മിയുടെ മുഖമായിരുന്നു.കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്.
സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കൊച്ചിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനൊപ്പമായിരുന്നു രാധിക തിരുവനന്തപുരത്തേക്ക് തിരിച്ചത്. തോന്നയ്ക്കലില്‍ വെച്ച് ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ സുരേഷ് ഗോപിയുടെ കണ്ണുനിറയും.ബാലഭാസ്‌ക്കറിനും കുടുംബത്തിന്റെയും തിരിച്ചുവരവിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.
താങ്ങാനാവാത്ത വിയോഗമാണ് ആ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതെങ്കിലും അതില്‍ നിന്നും കരകയറാനും ആരോഗ്യസ്ഥിതി പൂര്‍വ്വനിലയിലാവാനുമായി അവര്‍ക്ക് കഴിയട്ടെയെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുന്നത്.
Post Your Comments