KeralaLatest News

വിഴിഞ്ഞം കൊലപാതകം : ഭർത്താവ് പിടിയിൽ

അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു

തിരുവനന്തപുരം: മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്സ് അസോസിയേഷന്‍ നമ്പര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സംഭവത്തിനുശേഷം ഇയാള്‍ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.

വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസമായിരുന്ന ഇവര്‍ സിനിമയ്ക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊലപാതകമുണ്ടായത്. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്നാട്ടില്‍നിന്ന് എത്തിയ ഇവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇളയ മകന്‍ മണികണ്ഠനൊപ്പമാണ് താമസം. നഗരത്തില്‍ പിസ വിതരണക്കാരനായ മണികണ്ഠന്‍ രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കന്നിയമ്മാളിനെ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ട മണികണ്ഠന്‍ വീട്ടുടമസ്ഥനെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന്‌ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മാരിയപ്പന്‍ പേരൂര്‍ക്കടയ്ക്ക് സമീപം തന്റെ മൊബൈല്‍ഫോണും ഉപേക്ഷിച്ചിരുന്നു. ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് പൊലീസ് തന്നെ പിടികൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാരിയപ്പനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന. കന്നിയമ്മാളിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനും വീട്ടില്‍ പൊതുദര്‍ശനത്തിനുംശേഷം സംസ്‌കാരത്തിനായി രാത്രിയോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button