ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ വിലക്കാന്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം പരിഗണിക്കവെയാണ് സുപ്രധാന ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു ഉത്തരവ് വന്നിരിക്കുന്നത്.
ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കൂടി കൂട്ടിവായ്ക്കണം. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയവരില്‍ മൂന്നിലൊന്ന് ക്രിമിനല്‍ റെക്കോഡുള്ളവരാണെന്നാണ് ഇതിലൊന്ന്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ പഠനത്തിലാണ് 186 പേരുടെ ക്രിമിനല്‍ പശ്ചാത്തലം വെളിവായത്. മൊത്തം അംഗങ്ങളുടെ 34 ശതമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ (2009) വിജയിച്ചെത്തിയവരില്‍ 30 ശതമാനവും ഇത്തരത്തില്‍ കേസുകള്‍ നേരിടുന്നവരായിരുന്നു. കൊലപാതകം, വര്‍ഗീയ കേസുകള്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളില്‍പ്പെടുന്നു എന്നും എഡിആറിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടും ഇവരുടെ വിജയസാധ്യത ശുദ്ധ പ്രതിഛായ ഉള്ളവരേക്കാള്‍ അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരള നിയമസഭയിലാകട്ടെ 140ല്‍ 87 എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിനല്‍ കേസുകളില്‍പ്പെട്ടത്. 2016ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിന്നാണ് സംഘടന ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത എംഎല്‍എമാര്‍ 2011ല്‍ 12 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 19 ശതമാനമാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എംഎല്‍എമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. 17 എംഎല്‍എമാര്‍ക്കെതിരെയാണ് ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. അഞ്ച് എംഎല്‍എമാരുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും മൂന്ന് എംഎല്‍എമാരുമായി സിപിഐ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇതാണ് പാര്‍ലമെന്റിലേയും സംസ്ഥാന നിയമസഭയിലെയും സ്ഥിതി. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇത്തരം കേസുകളില്‍ കുറ്റപത്രം ലഭിച്ചവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അതൊരു അയോഗ്യതയായി കണക്കാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതിലും വലിയൊരു പച്ചക്കൊടി കിട്ടാനില്ല. പാര്‍ട്ടിയുടെയും നേതാക്കന്‍മാരുടെയും അടുത്ത ആളുകളായവര്‍ക്ക് ഈ കാരണം കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമാകുകയുമില്ല.
ഗുരുതര സ്വഭാവമുള്ള കേസുള്ളവര്‍ മത്സരിക്കുന്ന സാഹചര്യം തടയാന്‍ സര്‍ക്കാരാണ് ഇനി നിയമനിര്‍മാണം നടത്തേണ്ടത്. ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗങ്ങള്‍ ഇത്തരം കേസുകള്‍ നേരിടുന്നവരാകുമ്പോള്‍ ഇത്തരത്തിലൊരു നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ എത്രമാത്രം താത്പര്യം കാണിക്കുമെന്ന് ഊഹിച്ചെടുക്കാവുന്നതേ ഉള്ളു. അതേസമയം ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ചു വിചാരണ നടത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാനെങ്കിലും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഉത്സാഹം കാണിക്കണം. നിലവില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനപ്രതിനിധികള്‍ ആയോഗ്യരാകുകയുള്ളു എന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തുംവരെ കുറ്റാരോപിതന്‍ മാത്രമാണെന്ന കാര്യം മറക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കോടതിയില്‍ ഓര്‍മ്മിപ്പിച്ചത്. ആ വാദത്തിന്റെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കപ്പെടണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയക്ക് മുന്നില്‍ നിരപരാധിത്വം തെളിയിച്ചുവരുന്നവരെ അഭിമാനത്തോടെ സ്വാഗതം ചെയ്യാം ജനാധിപത്യത്തിന്റെ ശ്രീ കോവിലുകളിലേക്ക്..
Post Your Comments