KeralaLatest News

വെയിലത്തുവാടാതെ ഷീല വെള്ളിത്തിരയിലേക്ക്

കുട്ടനാട്: ഉരുകിയൊലിക്കുന്ന ടാറുമായി കത്തുന്ന വെയിലത്ത് പണിയെടുക്കുമ്പോള്‍ ഷീല ഒരിക്കല്‍ പോലും കരുതിയിരുന്നില്ല സിനിമയില്‍ നിന്ന് തനിക്കൊരു വിളിവരുമെന്ന്. കവി എ. അയ്യപ്പന്റെ കവിത കേന്ദ്രമാക്കി ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘പെങ്ങളില’യില്‍ നടന്‍ ലാലിന്റെ അമ്മയുടെ വേഷമാണ് വെളിയനാട് പാലക്കുളം ശശിയുടെ ഭാര്യയും ടാറിങ്ങ് തൊഴിലാളിയുമായ ഷീലയെ തേടി എത്തിയത്. ഷീലയുടെ സഹോദരന്റെ മകനും സിനിമ നാടകനടനുമായ പ്രമോദ് വെളിയനാട് ഷീലയോട് ഒരു വര്‍ക്കുണ്ട് എന്ന് പറഞ്ഞപ്പോള്‍ അത് ടാറിങ്ങ് വര്‍ക്കാവുമെന്നേ ഷീല കരുതിയുള്ളൂ.

എന്നാല്‍ സിനിമയില്‍ ചേമ്പി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്ന് കേട്ടപ്പോള്‍ സ്‌കൂള്‍ കാലഘട്ടങ്ങളില്‍ നാടകങ്ങളിലെല്ലാം മികച്ച നടിയായിരുന്ന ഷീല ഉള്ളിലുറങ്ങികിടക്കുന്ന അഭിനേത്രിയെ പൊടിതട്ടിയെടുക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠനം നിര്‍ത്തി പാടത്തേക്ക് അരിവാളുമായിറങ്ങിയ ഷീല നാളിതുവരെ കഠിനാദ്വാനം ചെയ്താണ് ജീവിതം പുലര്‍ത്തിയിരുന്നത്. ചിത്രത്തില്‍ മധ്യവയസ്‌കയായും വയോധികയായും വേഷമിടുന്ന ഷീലയുടെ ഭര്‍ത്താവായി വേഷമിടുന്നത് പ്രമോദ് വെളിയനാടാണ്. പുതുസിനിമകളും നല്ല വേഷങ്ങളും കിട്ടുമെന്ന ടി.വി. ചന്ദ്രന്റെ ആശംസകള്‍ ഏറ്റുവാങ്ങി ഷീല വീണ്ടും ടാറിങ്ങ് പണിയില്‍ തന്നെ മുഴുകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button