Latest NewsKerala

പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പദ്ധതി

തിരുവനന്തപുരം•പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ആര്‍.കെ.എല്‍.എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍, മറ്റു അനുബന്ധ വസ്തുക്കള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ കമ്പനി മേധാവികളുടെ യോഗം സംഘടിപ്പിച്ചു.

വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി, അമ്മിണി സോളാര്‍, ഗോദ്‌റെജ്, ഹൈക്കണ്‍, വി ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്‌റ്റേണ്‍ മാട്രസ് എന്നീ 11 കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. 50 ശതമാനം എങ്കിലും വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ ആര്‍.കെ.എല്‍.എസ് വായ്പ പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികളുടെ ഉന്നതതലയോഗത്തില്‍ അവതരിപ്പിച്ചശേഷം വിലക്കിഴിവ് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാമെന്ന് മേധാവികള്‍ ഉറപ്പു നല്‍കി.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍വഴി ബാങ്കില്‍ നിന്നും വായ്പ എടുത്ത അംഗങ്ങള്‍ക്കാണ് കിഴിവില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇന്നുവരെ 1,24,000 ആളുകള്‍ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് വായ്പ ലഭ്യമാകുന്ന മുറയ്ക്ക് അയല്‍ക്കൂട്ടം വഴി പണം ലഭിക്കും. തുടര്‍ന്ന് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിവരങ്ങളും, ഡിസ്‌കൗണ്ടും, എവിടെ നിന്ന് ലഭ്യമാകും എന്ന വിവരങ്ങളുമടങ്ങിയ ബ്രൗഷര്‍ ഓരോ അയല്‍ക്കൂട്ടത്തിലുമുള്ള വായ്പ എടുത്ത അംഗത്തിന് നല്‍കും. ശേഷം ഹോളോഗ്രാം പതിച്ച് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ സാധിക്കാത്ത ഒരു കാര്‍ഡ് ഓരോ ആളുകള്‍ക്കും നല്‍കും. ഈ കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പോകുന്ന അംഗത്തിനായിരിക്കും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുക. വിവിധ കമ്പനികളുടെ ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര വിലക്കിഴിവ് ലഭിക്കുമെന്നും അത് ഏതൊക്കെ സ്ഥലങ്ങളിലുള്ള ഏതൊക്കെ സ്റ്റോക്കിസ്റ്റുകളുടെ/ഡീലര്‍മാരുടെ അടുത്ത് ലഭിക്കുമെന്നുള്ള വിവരങ്ങള്‍ വായ്പ എടുത്ത ആളുകളെ കുടുംബശ്രീ അറിയിക്കും. ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ആളുകള്‍ക്ക് പോയി സാധനം കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

യോഗത്തില്‍ മന്ത്രി ഇ.പി ജയരാജന്‍, പ്രൈവറ്റ് സെക്രട്ടറി പ്രകാശന്‍ മാസ്റ്റര്‍, വ്യവസായ സെക്രട്ടറി സഞ്ജയ് എം കൗള്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതിനിധികള്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button