ന്യൂഡല്‍ഹി: ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി. റൂര്‍ക്കി ഐഐടിയിലെ 35 വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ട്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളില്‍ നിന്നാണ് ഇവരെ കാണാതായതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹംപ്ത പാസ് സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ മണാലിയിലേക്ക് മടങ്ങുകയാണെന്ന് രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞത്.
സംസ്ഥാനത്തെ പല പ്രദേശങ്ങളിലും മഞ്ഞിടിച്ചില്‍ തുടരുകയാണ്. ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പേര്‍ക്ക് പരിക്കും ഉണ്ട്. വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത ഉണ്ടായിട്ടുള്ളത്. നിരവധി വീടുകള്‍ തകര്‍ന്നു. ബിയാസ് ഉള്‍പ്പടെയുള്ള നദികള്‍ അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നദികളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുളുവില്‍ മാത്രം 20 കോടിയുടെ നഷ്ടമുണ്ടായതാണ് സൂചന. നേരത്തെ മണാലിയില്‍ 46 മലയാളികള്‍ കുടുങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഹിമാചല്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.
Post Your Comments