ന്യൂഡല്‍ഹി•എംപിമാരും എംഎല്‍എമാരും വക്കീല്‍ കോട്ട് അണിയുന്നത് വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. നിയമസഭാ സാമാജികരും പാര്‍ലമെന്റംഗങ്ങളും കേസുകള്‍ ഏറ്റെടുത്ത് വാദിക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജനപ്രതിനിധികളായിരിക്കുന്നവര്‍ക്ക് കേസ് വാദിക്കുന്നതില്‍ വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയോ അല്ലെങ്കില്‍ ഏതെങ്കിലും നിയമമോ ഇത് തടയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാരതീയ ജനതാപാര്‍ട്ടി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ജനപ്രതിനിധികളായ അഭിഭാഷകരെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. ഇവര്‍ കേസുകള്‍ ഏറ്റെടുത്ത് വാദിക്കുന്നത് 1961 ലെ അഡ്വക്കറ്റ്‌സ് ആക്ടിന്റെയും ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയും താത്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
പൊതു ഫണ്ടുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ജനപ്രതിനിധികള്‍ സര്‍ക്കാരിനെതിരെ വ്യക്തികള്‍ക്കായി കോടതിയില്‍ വാദിക്കുന്നതിന്റെ സാംഗത്യവും ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തു. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്വി, പി. ചിദംബരം, കെ.ടി.എസ്. തുളസി, പിനാക്കി മിശ്ര, മീനാക്ഷി ലേഖി, കെ. പരാശരന്‍ തുടങ്ങിയ പാര്‍ലമെന്റംഗങ്ങള്‍ വന്‍ഫീസ് ഈടാക്കി സര്‍ക്കാരിനെതിരെയും അല്ലാതെയുമുള്ള കേസുകളില്‍ വാദിക്കുന്ന പ്രമുഖ അഭിഭാഷകരാണ്.
Post Your Comments