കൊച്ചി: ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ വീട്ടുകാര്‍ കൂട്ടുകാരിയെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജിയില്‍ കൊല്ലം സ്വദേശിനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ച് ഹൈക്കോടതി. ഒന്നിച്ചുതാമസിക്കാന്‍ അനുമതിതേടിയാണ് കൊല്ലം പടിഞ്ഞാറേകല്ലട സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്.
തന്നോടൊപ്പം താമസിക്കാന്‍ ആഗ്രഹിച്ച തിരുവനന്തപുറാം വട്ടവിളക്കാരിയായ യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചന്നായിരുന്നു കൊല്ലം സ്വദേശിനിയായ നാല്പതുകാരിയുടെ ഹേബിയസ് കോർപസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ തടഞ്ഞുവെച്ചെന്ന് ആരോപിക്കുന്ന 24 കാരിയെ തിങ്കളാഴ്ച പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി.ഇതോടെ യുവതികള്‍ക്ക് ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
അവരുമായി സംസാരിച്ചശേഷമാണ് ഇരുവര്‍ക്കും അവരുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്. തിരുവനന്തപുരത്തുള്ള യുവതിയുമായി അടുപ്പത്തിലാണെന്നും വേര്‍പിരിയാനാവില്ലെന്നും പറഞ്ഞാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. രണ്ടുസ്ത്രീകള്‍ക്ക് ഒരുമിച്ചുതാമസിക്കാന്‍ തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും ഇവര്‍ ബോധിപ്പിച്ചു.
ഇരുവരും ഒരുമിച്ചുതാമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്തെ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് യുവതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് കോടതി ഇവരെ ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചിരുന്നു.
എന്നാല്‍, കോടതിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ ചിലര്‍ ബലംപ്രയോഗിച്ച് കൊണ്ടുപോയി. മാനസികചികിത്സയ്ക്ക് ആശുപത്രിയിലാക്കിയെന്ന് യുവതിയുടെ ഫോണ്‍സന്ദേശം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിക്കാരി ബോധിപ്പിച്ചു.
Post Your Comments