കൊച്ചി: ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും മുന്‍ വിധിയോടെയാണ് എല്ലാം നിശ്ചിക്കപ്പെട്ടിരുന്നതെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് ആരംഭത്തില്‍ തന്നെ രമണ്‍ ശ്രീവാസ്തവയുടേയും എന്‍റെയും പേരുകള്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചാരക്കേസിനു മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ക്രയോജനിക് ടെക്‌നോളജിയും വികാസ് എന്‍ജിന്‍ ടെക്‌നോളജിയും പാക്കിസ്ഥാനു വിറ്റു എന്നുള്ളതായിരുന്നു കേസ്. എന്നാല്‍, 94ല്‍ ക്രയോജനിക് എന്നൊരു ടെക്‌നോളജിയേ ഇല്ലായിരുന്നു. ഇല്ലാത്ത ടെക്‌നോളജി വിറ്റു എന്നുള്ളതായിരുന്നു ആദ്യത്തെ ചാര്‍ജ്. രണ്ടു ചാര്‍ജും അര്‍ഥശൂന്യവും കള്ളവുമാണ്. കേരള ഗവണ്‍മെന്റിനോ കേരള പൊലീസിനോ ജൂറിസ്ഡിക്ഷന്‍ ഇല്ലാത്ത കേസ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണരീതിയില്‍ ഇത്തരമൊരു കേസ് ഉണ്ടാകുമ്പോള്‍ വീടോ, ഓഫിസോ റെയ്ഡ് ചെയ്യും. രേഖകളൊക്കെ ഒളിച്ചു കൊണ്ടുവന്നു വിറ്റു എന്ന് ആരോപിക്കപ്പെട്ട പ്രതിയുടെ വീട് റെയ്ഡ് ചെയ്തില്ല എന്നതാണു മറ്റൊരു കാര്യം. റെയ്ഡ് ചെയ്താല്‍ ഒന്നും കിട്ടില്ല, അറസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നറിയാവുന്നതു കൊണ്ടാണ് റെയ്ഡ് ചെയ്യാതിരുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു.
റെയ്ഡ് ചെയ്താലും ഇല്ലെങ്കിലും തന്നെ അവിടെ നിന്നു മാറ്റിനിര്‍ത്തണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അത് ക്രയോജനിക് ഡവലപ്പ്‌മെന്റിനു കാലതാമസം വരുത്താനായിരുന്നെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഞാന്‍ ചാരനല്ല എന്നു തെളിയിക്കാന്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്നുമാണ് ഇതൊക്കെ കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments