പനാജി•രാവണന്‍ ജനിച്ചത് നോയ്ഡയിലായിരുന്നെന്നും അന്തരിച്ച ഡിഎംകെ നേതാവ് എം.കരുണാനിധി പറഞ്ഞതു പോലെ ദ്രവീഡിയന്‍ ആയിരുന്നില്ലെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി. തെക്കന്‍ ഗോവയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സ്വാമി രാവണന്റെ ജന്‍മദേശത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്.
രാമായണത്തില്‍ വില്ലനായി അവതരിപ്പിക്കപ്പെട്ട രാവണന്‍ നോയ്ഡയിലെ ബിസ്രാഖ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. നിങ്ങള്‍ക്ക് ഇപ്പോഴും പോയി അതു കാണാം. വലിയ ബില്‍ബോര്‍ഡുകള്‍ അവിടെയുണ്ടെന്നും ആ പ്രദേശം നോയിഡ എന്നാണ് അറിയപ്പെടുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
മാനസസരോവറില്‍ തപസ് ചെയത് ശിവനില്‍ നിന്ന് വരം വാങ്ങി രാവണന്‍ ലങ്കയിലേക്ക് പോകുകയായിരുന്നു. അവിടെ ബന്ധുവായ കുബേരനെ തോല്‍പ്പിച്ച് ലങ്കാധിപതിയാകുകയാണ് ചെയ്തത്.
അദ്ദേഹം ഒരു ബ്രാഹ്മണനും സാമവേദ പണ്ഡിതനായിരുന്നു. പക്ഷേ കരുണാനിധി കരുതി രാവണന്‍ അദ്ദേഹത്തെ പോലെയാണെന്ന്, സ്വാമി കൂട്ടിച്ചേര്‍ത്തു. ആര്യ ദ്രാവിഡ വിഭജനം ഇന്ത്യക്കാരുടെ അവബോധമനസില്‍ നിറച്ചത് ബ്രിട്ടീഷുകാരാണെന്നും സ്വാമി കുറ്റപ്പെടുത്തി.
എല്ലാവരും ഒരു ജനതയാണെന്നും ബ്രിട്ടീഷുകാരുടെ ചരിത്രപുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളതുപോലെ, ആരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നതല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടു. ബ്രിട്ടീഷുകാര്‍ അത് നമ്മെ സ്‌കൂളുകളിലൂടെയും ബിഷപ്പുമാരിലൂടെയും ക്രൈസ്തവ പുരോഹിതരിലൂടെയും പഠിപ്പിച്ച് അംഗീകരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments