മലയാളം പരീക്ഷക്ക് വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചോദ്യം രാമായണത്തെകുറിച്ചായിരുന്നു. ചോദ്യം വായിച്ച വിദ്യാര്‍ത്ഥിക്ക് സംശയത്തിന് വകയേ ഇല്ലായിരുന്നു. തകൃതിയായി ഉത്തരമെഴുതി. പക്ഷേ ബാഹുബലി, പുലിമരുകന്‍, കെജിഎഫ് തുടങ്ങിയ ചലച്ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഉത്തരമെന്ന് മാത്രം.
ബാഹുബലി രണ്ടിലെ ചരിത്രപരമായ ഡയലോഗ് റഫറന്‍സായി വച്ചാണ് കുട്ടി ഉത്തരമെഴുതിയിരിക്കുന്നത്. യുദ്ധത്തിനായി വാനരന്‍മാരുമായെത്തിയ കൊള്ളസംഘ നേതാവാണ് കുട്ടിക്ക് രാമന്‍. രാവണനാകട്ടെ ഒരു ഭീകരജീവിയും. കന്നട ചിത്രമായ കെജിഎഫില്‍ നിന്നാണ് രണ്ടുപേരെക്കുറിച്ചുമുള്ള പരാമര്‍ശമെന്നതാണ് രസകരം. മാത്രമല്ല ഈ ചിത്രത്തിലെ പഞ്ച് ഡയലോഗിലാണ് അവന്‍ ഉത്തരം എഴുതി അവസാനിപ്പിക്കുന്നത്.
‘രാവണന്‍ പത്തു പേരെ പരാജയപ്പെടുത്തി, എല്ലാവരും രാജാക്കന്മാരായിരുന്നു. ലങ്കയുടെ യഥാര്‍ത്ഥപ്രഭുവാണ് അദ്ദേഹം. ഭീരുക്കള്‍ ആയിരം പ്രാവശ്യം മരിക്കുന്നു, എന്നാല്‍ ധീരരായ ആളുകള്‍ ഒരിക്കല്‍ മാത്രം മരിക്കുന്നു. രാവണന്റെ ജീവിതം മഹത്തായിരുന്നു’
ഈ ഉത്തരകടലാസ് ഫേസ്ബുക്കിലും ട്വിറ്ററിലുമായി പ്രചരിക്കുകയാണ്. ചലച്ചിത്രരംഗത്തുള്ളവരും ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഭാവിയിലെ തിരക്കഥാകൃത്ത് എന്ന് വിശേഷിപ്പിച്ചാണ് ഉത്തരകടലാസ് ഷെയര്‍ ചെയ്തിരിക്കുന്നത്. എണ്‍പതില്‍ ഒരു മാര്‍ക്കാണ് കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും നല്ല ആശയവും ഭാഷയും സമ്മാനിക്കുന്ന കുട്ടിയുടെ കഴിവിനെ നിരുത്സാഹപ്പെടുത്തരുതെന്നാണ് ഒരു വിഭാഗം പറയുന്നത്.
Post Your Comments