ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് ( മോദി കെയര്‍ ) നേരെ മുഖം തിരിച്ച് കേരളം. പദ്ധതിയുമായി സഹകരിക്കില്ലെന്ന് കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ അറിയിച്ചു. തെലങ്കാന, ഒഡീഷ, ഡല്‍ഹി, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളാണു പദ്ധതിയുമായി സഹകരിക്കാത്തത്. നിലവില്‍ മികച്ച പദ്ധതികളുള്ളതിനാല്‍ ‘മോദി കെയര്‍’ എന്നു വിളിപ്പേരുള്ള ആയുഷ്മാന്‍ ഭാരത് തല്‍ക്കാലം വേണ്ടെന്നാണു സംസ്ഥാനങ്ങളുടെ നിലപാട്.
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച സ്വപ്നപദ്ധതി, ‘വലിയ തട്ടിപ്പ്’ ആണെന്നാണു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ ചെലവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ (പിഎംജെഎവൈ- ആയുഷ്മാന്‍ ഭാരത്) എന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. ഇത്രയും വമ്പന്‍ പദ്ധതിക്കു പണം എവിടെനിന്നാണെന്നു തോമസ് ഐസക് ചോദിക്കുന്നു.
നിലവിലുള്ള ആര്‍എസ്ബിവൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30,000 രൂപയുടെ ആനുകൂല്യമാണു കിട്ടുന്നത്. എന്നാല്‍, 1,110 രൂപയുടെ പ്രീമിയത്തിന് അഞ്ചു ലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ആയുഷ്മാന്‍ ഭാരതിന്റെ വാഗ്ദാനം. കുറഞ്ഞ പ്രീമിയത്തില്‍ ഇത്രയും കൂടിയ തുകയുടെ നേട്ടം കിട്ടുമെന്നതു സാധ്യമാണോ?’- തോമസ് ഐസക് ചോദിച്ചു.
എന്താണ് ആയുഷ്മാന്‍ ഭാരത്?
ദുര്‍ബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങള്‍ക്കും ഏകദേശം 50 കോടി കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ
ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്
1,354 ആരോഗ്യ പാക്കേജുകള്‍ പദ്ധതിയുടെ ഭാഗം.
ഹൃദ്രോഗങ്ങള്‍, കരള്‍- വൃക്ക രോഗങ്ങള്‍, പ്രമേഹം, സ്റ്റെന്റ്, ബൈപാസ് സര്‍ജറി, മുട്ടുമാറ്റിവയ്ക്കല്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ക്കും ഇന്‍ഷുറന്‍സ്
കേന്ദ്രവും സംസ്ഥാനങ്ങളും 60:40 അനുപാതത്തില്‍ തുക വകയിരുത്തും
അര്‍ഹരായവര്‍ക്ക് ആശുപത്രിയില്‍ ഒട്ടും പണം അടയ്‌ക്കേണ്ടാത്ത കാഷ്ലെസ് സേവനം
പദ്ധതിയില്‍ ചേരാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല
പൂര്‍ണതോതില്‍ നടപ്പാക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യസുരക്ഷാ പദ്ധതി
പൂര്‍ണതോതിലായാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 13,000 ആശുപത്രികള്‍ പങ്കാളികളാകും
ഗുണഭോക്താക്കള്‍ക്കെല്ലാം ക്യുആര്‍ കോഡ് രേഖപ്പെടുത്തിയ കാര്‍ഡുകള്‍ ആരോഗ്യമന്ത്രാലയം നേരിട്ടെത്തിക്കും
2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതു കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന പദ്ധതി ഗുണഭോക്താക്കളെല്ലാം പദ്ധതിയുടെ ഭാഗം.
\
ആധാര്‍ നിര്‍ബന്ധമില്ല. ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍രേഖ മതി.
ഗ്രാമീണ ഗുണഭോക്താക്കള്‍: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടു മാത്രമുള്ളവര്‍, പട്ടികവിഭാഗക്കാര്‍, 16-59 പ്രായവിഭാഗത്തിലുള്ള പുരുഷന്മാര്‍ ഇല്ലാത്ത കുടുംബങ്ങള്‍, ഭൂരഹിതര്‍, സ്ഥിരവരുമാനമില്ലാത്ത തൊഴിലാളികള്‍ തുടങ്ങിയവര്‍.
നഗരങ്ങളിലെ ഗുണഭോക്താക്കള്‍: വീട്ടുജോലിക്കാര്‍, വഴിയോരക്കച്ചവടക്കാര്‍, ചപ്പുചവര്‍ ശേഖരിക്കുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍, പ്ലമര്‍, പെയിന്റര്‍, ഇലക്ട്രീഷന്‍, വെല്‍ഡര്‍, ഡ്രൈവര്‍, ഡ്രൈവറുടെ സഹായി, റിക്ഷാക്കാര്‍, ശിപായി, വെയിറ്റര്‍, കടകളിലെ തൊഴിലാളികള്‍, കാവല്‍ജോലിക്കാര്‍, യാചകര്‍ തുടങ്ങിയവര്‍
ഗുണഭോക്താക്കളുടെ പട്ടിക mera.pmjay.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഹെല്‍പ്ലൈന്‍ (14555) വഴിയും വിവരം തേടാം
Post Your Comments