ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് അപമാനകരമായ സംഭവങ്ങള്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലര്‍ പ്രതികരിക്കുകയും ചിലര്‍ മാനസികമായി ആകെ തകര്‍ന്ന് നിശബ്ദരായി കഴിയുകയും ചെയ്യും. ടിടിഐ തന്നെ ഇത്തരത്തില്‍ യാത്രക്കാരായ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയും ഇടയ്ക്ക് കേള്‍ക്കാറുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചവര്‍ക്ക് സമൂഹത്തില്‍ നിന്ന് പലപ്പോഴും മോശം കമന്റ് നേരിടേണ്ടി വരുമെന്നതാണ് മറ്റൊരു ദുരന്തം. എന്തായാലും ട്രെയിന്‍ യാത്രയിലെ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേ സംരക്ഷണസേന മുന്നോട്ട് വരുന്നു എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.
കര്‍ശനമായ ശിക്ഷ നടപ്പിലാക്കാത്തതാണ് സ്ത്രീകളെ പീഡിപ്പിക്കുന്നവരുടെ എണ്ണം കൂട്ടുന്നതെന്ന നിഗമനത്തില്‍ ശിക്ഷയുടെ വ്യാപ്തി കൂട്ടുക എന്നതാണ് റെയില്‍വേ സംരക്ഷണസേന ആലോചിക്കുന്ന ഒരു പോംവഴി. ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ നല്‍കാനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ആര്‍പിഎഫ് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആര്‍പിഎഫിന് അനുമതി നല്കുന്ന വിധം നിലവിലെ റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യമുണ്ട്. ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം ( ഐപിസി) പ്രകാരമാണ് ശിക്ഷ നല്‍കുന്നത്. ഒരുവര്‍ഷം മാത്രമാണ് ഇത്തത്തില്‍ പരമാവധി ശിക്ഷയായി അക്രമിക്ക് ലഭിക്കുക.
ആര്‍പിഎഫ് എത്രമാത്രം നിസ്സഹായരാണ് എന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള അവരുടെ ആവശ്യം വ്യക്തമാക്കുന്നത്. ട്രെയിനില്‍ അതിക്രമം കാണിക്കുന്നവരെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറുക എന്നത് മാത്രമായി ഇവരുടെ ഡ്യൂട്ടി ഒതുങ്ങരുത്. മറിച്ച് ആര്‍പിഎഫ് ആവശ്യപ്പെടുന്നതുപോലെ റെയില്‍വേ പൊലീസിന്റെ സഹായമില്ലാതെതന്നെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കണം. വനിതാ കമ്പാര്‍ട്ട് മെന്റിലെ സുരക്ഷയില്ലായ്മക്ക് ഒരുകാരണം പുരുഷന്മാര് ഈ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നു എന്നതാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി ലൈംഗിക കുറ്റവാളികളും മോഷ്ടാക്കളും വനിതാ കമ്പാര്‍ട്ടമെന്റില്‍ കയറിപ്പറ്റാറുണ്ട്. ഇതിനെതിരെയും ശക്തമായ നടപടി സ്വകരിക്കപ്പെടണം. 500 രൂപ പിഴ ഈടാക്കുക എന്നതാണ് ഇപ്പോഴുള്ള രീതി. ഇതിന് പകരം ആയിരം രൂപ പിഴയാക്കണമെന്നാണ് ആര്‍പിഎഫിന്റെ ആവശ്യം. പിഴത്തുകയില്‍ അല്ല കാര്യം നിയമം ലംഘിച്ച് വനിതാ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്ക്കെതിരെ മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ആര്പിഎഫിനാകണം.
മുംബൈയില്‍ സ്ത്രീകള്‍ക്കുള്ള ട്രെയിനിലെ വിവേചനത്തിനെതിരെ അടുത്തിടെ ബോംബൈ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ലാക്കല്‍ ട്രെയിനുകളില്‍ വനിതാ യാത്രക്കാര്‍ക്ക് തുല്യപരിഗണന നല്‍കണമെന്നും പുരുഷന്മാര്ക്ക് നല്കുന്നതുപോലെ തന്നെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റ് വനിതകള്‍ക്കും നല്‍കണമെന്നുമാണ് കോടതി റെയില്‍വേയ്ക്ക് അടുത്തിടെ നല്കിയ നിര്‍ദേശം. എന്തിനാണ് നിങ്ങള്‍ വിവേചനം കൂട്ടുന്നത് എന്നും ഫസ്റ്റ്ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാന്‍ സ്ത്രീ യാത്രക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് റെയില്‍വേക്ക് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. യാത്രാസമയത്ത് വനിതകള്‍ പുരുഷന്മാരെക്കാള് കൂടുതല്‍ കഷ്ടപ്പെടുന്നതായി അധികാരികള്‍ കരുതേണ്ടതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പോലും വിധേയമാകുന്ന വിധം സ്ത്രീകളുടെ സുരക്ഷയിലും അവര്‍ക്ക് സൗകര്യം ഒരുക്കുന്നതിലും റെയില്‍വേ വിവേചനം കാണിക്കുന്നുണ്ട് തന്നെ.
ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ടമെന്റ് എത്രത്തോളം സുരക്ഷാരഹിതമാണെന്ന് ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ജീവിതം നമ്മെ പഠിപ്പിച്ചതാണ്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോലും സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ മറ്റ് യാത്രക്കാര്‍ പ്രതിഷേധിക്കാത്ത സാഹചര്യമാണ് പലപ്പോഴും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളാകേണ്ടി വരുന്നവര്‍ക്ക് പിന്തുണയും മാനസികശക്തിയും നല്കാന് പ്രത്യേക സംരക്ഷണസേനയുടെ സേവനം ഉറപ്പ് വരുത്താനും റെയില്‍വേ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ ആര്‍ത്തിപിടിച്ച പുരുഷനോട്ടങ്ങളില്‍ നിന്നുവരെ രക്ഷപ്പെടുത്തേണ്ട ചുമതല ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്വേയ്്ക്കുണ്ട്.
എന്തായാലും ഇത്തരം പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ റെയില്‍വേ സംരക്ഷണ സേന ഒരുങ്ങുന്നതിന്റെ സൂചനയാണ് അവര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍. ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുമ്പോള്‍ റെയില്‍വേ പോലീസ് ഇടപെടുന്നതിനു മുമ്പേ തന്നെ നടപടികള്‍ തുടങ്ങുകതന്നെ വേണം. ആര്‍പിഎഫിന്റെ ശുപാര്‍ശ അംഗീകരിക്കപ്പെടേണ്ടത് ഓരോ സ്ത്രീ യാത്രക്കാരുടെയും ആവശ്യമാണ്. ഇതിനായി റെയില്‍വേ നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം
Post Your Comments