പത്തനംതിട്ട; ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വളർത്തുമൃഗങ്ങൾക്കുള്ള രക്ഷാപദ്ധതി കാര്യക്ഷമമാക്കണമെന്ന് ആഗോള മൃഗസംരക്ഷണ സംഘടനയായ വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ. പ്രളയത്തിൽ 46,016 കന്നുകാലികൾക്കും 25 ലക്ഷത്തോളം കോഴികൾക്കും നാശം നേരിട്ടതായി മൃഗസംരക്ഷണ വകുപ്പു തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണു പദ്ധതി കാര്യക്ഷമമാക്കുന്നതിനെപ്പറ്റി ആലോചന.
വിപുലമായ ദുരന്തനിവാരണ പദ്ധതി ഉണ്ടായിരുന്നെങ്കിൽ ഇത്രവലിയ മൃഗനാശം ഒഴിവാക്കാമായിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ഇതിനായി ചട്ടങ്ങൾ ഉണ്ടെങ്കിലും സംസ്ഥാനത്ത് ഇതു പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനി ആ സ്ഥിതി മാറണമെന്നും വേൾഡ് ആനിമൽ പ്രൊട്ടക്ഷൻ ഇന്ത്യ ഡയറക്ടർ ഗജേന്ദർ ശർമ പറഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, റെഡ് ക്രോസ് തുടങ്ങിയവയുമായി ചേർന്നാവും മൃഗരക്ഷാ പദ്ധതി ആവിഷ്കരിക്കുക. ഇതിനു സംഘടന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
എന്നാൽ മൃഗങ്ങൾക്കു സംസ്ഥാനത്ത് ദുരന്ത നിവാരണ പദ്ധതി 2016 മുതൽ നടപ്പാക്കിയിട്ടുണ്ടെന്നും ഇതിനായി തുക അനുവദിക്കാറുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വിശദീകരിച്ചു.
Post Your Comments