ന്യൂഡല്‍ഹി: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനാണ് കോണ്‍ഗ്രസ് യുവസൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. 18 മുതല്‍ 21 വയസുവരെയുളള യുവാക്കളെയാണ് പുതിയ പദ്ധതിയിലേക്ക് സ്വാഗതം നല്‍കുന്നത്. നേതാക്കള്‍ നേരിട്ടിറങ്ങി വിവരശേഖരണം നടത്തിയായിരിക്കും യുവാക്കളെ കണ്ടെത്തുക. ശക്തി എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി യുവാക്കളിലൂടെ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഇതിനായി രാഹുല്‍ ഗാന്ധി യുവാക്കളോട് പൂര്‍ണ്ണമായ സൗഹൃദം പുലര്‍ത്തി പാര്‍ട്ടിയില്‍ യുവജനതയുടെ വേരോട്ടം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.
അടുത്തിടെ പുറത്തുവിട്ട ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷണ്‍ സര്‍വ്വേയില്‍ യുവാക്കള്‍ മോദിയെ കൈവിട്ടെന്നായിരുന്നു ഫലം. രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ ഏറിയ സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്നും സര്‍വ്വേയില്‍ വ്യക്തമാക്കിയിരുന്നു. ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.
5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഒപ്പം ലോക് സഭാ തിരഞ്ഞെടുപ്പും. രാജ്യമാകെ കോണ്‍ഗ്രസ് തരംഗം അലയടിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലുമെല്ലാം കോണ്‍ഗ്രസ് മുന്നേറുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍. തെലുങ്കാനയിലും കോണ്‍ഗ്രസിന് അനുകൂലമായി കാറ്റുവീശുകയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് തിരഞ്ഞെടുപ്പുകളും ലക്ഷ്യം വെച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
ബി.ജെ.പിയെ എതിരിടാന്‍ ആവശ്യത്തിന് ഫണ്ട് പാര്‍ട്ടിക്ക് ലഭ്യമല്ലാത്തതിനാല്‍ ക്രൗഡ് ഫണ്ടിങ്ങും നടപ്പിലാക്കും. ഇതിലൂടെ ജനങ്ങളിലൂടെ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഒക്ടോബര്‍ രണ്ട് മുതല്‍ പദ്ധതി നടപ്പാക്കാനാണ് പാര്‍ട്ടി തിരുമാനമെന്ന് കര്‍ണടാകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 19 വരെയാണ് വീടുകള്‍ കയറി ഇറങ്ങി ഫണ്ട് സ്വരൂപിക്കുക.
ബൂത്ത് കമ്മിറ്റികളാണ് ഫണ്ട് ശേഖരണം നടത്തുക. ഓരോ ബൂത്ത് കമ്മിറ്റികളും പരമാവധി 10,000 രൂപയെങ്കിലും വീടുകളും കടകളും കയറി ഇറങ്ങി ശേഖരിക്കണം. പണം ശേഖരിച്ചാല്‍ മാത്രം പോര, ജനങ്ങളുമായി ഏറെ നേരം വിവിധ വിഷയങ്ങളില്‍ സംവദിക്കുകയും വേണം.
Post Your Comments