ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോടികളുടെ തട്ടിപ്പ്. വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പിന്നാലെ മറ്റൊരു വ്യവസായിയും കോടികളുടെ തട്ടിപ്പ് നടത്തി നൈജീരിയയിലേയ്ക്ക് മുങ്ങി. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്നതിനിടെ മുങ്ങിയ ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശര നൈജീരിയയ്ക്കു കടന്നതായാണ് വിവരം. സന്ദേശര ദുബായില്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍നടപടികള്‍ ദുബായില്‍ പുരോഗമിക്കുകയാണെന്നും പ്രതിയെ വിട്ടുകിട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് ആസ്ഥാനമായ സ്റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയുടെ ഉടമയാണ് നിതിന്‍.
എന്നാല്‍ സന്ദേശരയും കുടുംബവും യുഎഇയില്‍ ഇല്ലെന്നും നൈജീരിയയിലേക്കു കടന്നുവെന്നുമാണ് നിലവിലെ കണ്ടെത്തല്‍. സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദരഭാര്യ ദിപ്തിബെന്‍ സന്ദേശര എന്നിവരും നൈജീരിയയില്‍ ഉള്ളതായാണു വിവരം. ഇവരെ വിട്ടുനല്‍കുന്നതിനായി ഇന്ത്യയും നൈജീരിയയും തമ്മില്‍ യാതൊരുവിധ ഉടമ്പടികളുമില്ല. അതിനാല്‍ ഇവരെ നാട്ടിലേക്കു കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണു വിലയിരുത്തല്‍.
ഓഗസ്റ്റ് രണ്ടാം ആഴ്ച സന്ദേശരയെ ദുബായ്യില്‍ അറസ്റ്റു ചെയ്തതായുള്ള വിവരം തെറ്റാണെന്നും അദ്ദേഹവും കുടുംബവും അതിനു മുന്‍പു തന്നെ നൈജീരിയയിലേക്ക് രക്ഷപെട്ടെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അറസ്റ്റിന്റെ സാധ്യതകളെക്കുറിച്ച് ഒരിക്കല്‍കൂടി യുഎഇയോട് അന്വേഷിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഇവര്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനും ശ്രമം നടത്തുകയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും രേഖകള്‍ ഉപയോഗിച്ചാണ് സന്ദേശര നാടുവിട്ടതെന്ന് അറിവായിട്ടില്ല.
ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നു സ്റ്റെര്‍ലിങ് ബയോടെക്, വായ്പയെടുത്ത 5000 കോടിയിലേറെ രൂപ തിരിച്ചടച്ചില്ലെന്നാണു കേസ്. 2016 ഡിസംബര്‍ 31ലെ കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കണ്‍സോര്‍ഷ്യമാണു വായ്പ നല്‍കിയത്.
വായ്പ ഉപയോഗിച്ചു വിദേശത്ത് ഉള്‍പ്പെടെ വസ്തുക്കള്‍ വാങ്ങുകയും സ്റ്റെര്‍ലിങ് കമ്പനിയുടെ തന്നെ ഓഹരികള്‍ വാങ്ങി വിപണി മൂല്യമുയര്‍ത്തുകയും ചെയ്തുവെന്നാണു കണ്ടെത്തിയത്. ആഡംബരക്കാറുകളും വസതികളും ആഭരണങ്ങളും വാങ്ങാനും തുക ചെലവഴിച്ചു. രാഷ്ട്രീയ ഉന്നതര്‍ക്കുവേണ്ടി കള്ളപ്പണം കടത്തിയെന്ന സൂചനയെത്തുടര്‍ന്നു കമ്പനി നടത്തിയ വിദേശത്തെ ബാങ്ക് ഇടപാടുകളും ആദായനികുതി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്
നാലായിരം ഏക്കര്‍ ഭൂമി, ഫാക്ടറി, യന്ത്രസാമഗ്രികള്‍, സ്റ്റെര്‍ലിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 200 ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, ആഡംബരക്കാറുകള്‍, മുംബൈ ജൂഹുവിലെ ആഡംബര വസതികള്‍, ഊട്ടിയിലെ ഫാക്ടറി തുടങ്ങിവയടക്കം 4700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. കമ്പനി പണം നിക്ഷേപിച്ച നൈജീരിയയിലെ ഓയില്‍ റിഗ്ഗുകള്‍, ബാര്‍ജുകള്‍ എന്നിവ കണ്ടുകെട്ടുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവിടത്തെ സര്‍ക്കാരിന്റെ സഹായം തേടി.
Post Your Comments