തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ അണ്ടൂര്‍ക്കോണം സബ്സ്റ്റേഷനടുത്ത് ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവിനെ (35) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അണിയൂര്‍ സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടി. അണിയൂരിലെ ആട്ടോ ഡ്രൈവറും 23 കാരനായ മകനുമാണ് പിടിയിലായത്. അണിയൂരിന് സമീപത്തെ കടയില്‍ ഐസ്‌ക്രീം വാങ്ങാനെത്തിയ മകനെ അനീഷ് ബാബു അസഭ്യം പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് നയിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു.
സംഭവശേഷം പോത്തന്‍കോട്ടെ ബന്ധുവീട്ടില്‍ ഒളിവില്‍കഴിയവേയാണ് കഴക്കൂട്ടം അസി. കമ്മിഷണര്‍ അനില്‍കുമാര്‍, സി.ഐ വൈ.എസ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. ആക്രമിച്ചശേഷം ഇവര്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ ഇവരുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. വെല്‍ഡിംഗ് തൊഴിലാളിയായ മകന്‍ അണിയൂര്‍ ജംഗ്ഷന് സമീപത്തെ കടയില്‍ ഐസ്‌ക്രീം വാങ്ങാനെത്തിയപ്പോള്‍ കടയ്ക്ക് സമീപം ഓട്ടോറിക്ഷയിലുണ്ടായിരുന്ന അനീഷ് ബാബുവുമായി വാക്കുതര്‍ക്കവും തമ്മില്‍ തമ്മില്‍ അസഭ്യം പറയുകയും ഉണ്ടായി. തെറിവിളിച്ചത് ചോദ്യം ചെയ്ത ഇയാള്‍ വീട്ടിലെത്തി സംഭവം പറഞ്ഞു.
അകാരണമായി അസഭ്യം പറഞ്ഞതിന്റെ കാരണം അറിയണമെന്ന് ശഠിച്ച അച്ഛന്‍ മകനോടൊപ്പം സ്‌കൂട്ടറില്‍ ജംഗ്ഷനിലെത്തി. ഈ സമയം അവിടെ നിന്ന് ആട്ടോയില്‍ ശ്രീകാര്യം അലത്തറ ഭാഗത്തേക്ക് പോയ അനീഷ് ബാബുവിനെ പിന്തുടര്‍ന്ന ഇവര്‍ വഴിമദ്ധ്യേ ഓട്ടോ തടഞ്ഞു. ഇരുകൂട്ടരും തമ്മില്‍ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ കൈവശം കരുതിയിരുന്ന പേനക്കത്തി ഉപയോഗിച്ച് ഇവര്‍ അനീഷിനെ അടിവയറ്റില്‍ കുത്തുകയായിരുന്നു. അനീഷ് ബാബുവിനെ കുത്തുന്നത് കണ്ട് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശശി ഓടി രക്ഷപ്പെട്ടു. സംഭവശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ അനീഷ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് ഒളിവില്‍ പോയത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെയും വ്യാപാരികളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന് പിന്നില്‍ ഇവരാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ശശി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് . കൊലപാതകത്തിനുപയോഗിച്ച പേനക്കത്തി കണ്ടെത്താനുണ്ട്.
തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുംശേഷം ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. അടിവയറ്റിലേറ്റ ആഴത്തിലുള്ള കുത്തും ആന്തരിക രക്ത സ്രാവവുമാണ് അനീഷ്ബാബുവിന്റെ മരണത്തിന് കാരണമായത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പോത്തന്‍കോട്ടെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ശ്രീകാര്യം അലത്തറയിലെ ഭാര്യവീട്ടിലേക്ക് വരുംവഴിയാണ് അനീഷ് ബാബു കൊലക്കത്തിയ്ക്ക് ഇരയായത്. അക്രമം നടന്നതിന് അല്പം മാറി തീരെ അവശനായി കിടന്ന അനീഷിനെ പിറ്റേന്ന് പുലര്‍ച്ചെ അതുവഴി പോത്തന്‍കോട്ടേക്ക് പച്ചക്കറിയുമായി വന്നവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments