മൂന്ന് വര്‍ഷത്തോളമാകുന്നു ഇന്ത്യയും അയല്‍രാജ്യമായ പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ട്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ കരാര്‍ ലംഘിച്ചുള്ള വെടിവയ്പും ഭീകരപ്രവര്‍ത്തന കേന്ദ്രങ്ങള്‍ തഴച്ചു വളരാന്‍ അനുവദിക്കുന്നതുമെല്ലാം അക്കമിട്ട് നിരത്തി കാരണം ബോധ്യപ്പെടുത്തുന്നുണ്ട് ഇന്ത്യ. പാകിസ്ഥാനില്‍ അധികാരം ഇമ്രാന്‍ഖാന്റെ കയ്യിലെത്തിയപ്പോള്‍ രാഷ്ട്രീയമായ പല വിലയിരുത്തലുകളും നടന്നു. ആത്യന്തികമായി ഇമ്രാന്‍ ഖാന്റെ ഭരണം ഇന്ത്യക്ക് ഗുണകരമാകില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി മുന്നോട്ട് വന്നപ്പോള്‍ അത് തള്ളിക്കളഞ്ഞില്ല എന്നത് ഇന്ത്യ കാണിച്ച മര്യാദ. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവും ചര്‍ച്ച ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായതുമാണ്. അതേസമയം ഇതിനിടയിലാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം പാക് സൈന്യം മൃതദേഹം വികൃതമാക്കിയത്.
ഇതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു. ചര്‍ച്ച വേണ്ടെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതോടെ അത് രാജ്യത്തിന്റെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നാണ് ഇന്ത്യയുടെ വിദേശ വക്താവ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘മോദി സാഹിബ്’ എന്ന് അഭിസംബോധന ചെയ്തായിരുന്നു പാക് പ്രധാനമന്ത്രിയുടെ കത്ത്. ഭീകരവാദം മാത്രമല്ല വ്യാപാരം, ആധ്യാത്മിക വിനോദ സഞ്ചാരം, മനുഷ്യാവകാശം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്ന താത്പര്യമാണ് ഇമ്രാന്‍ ഖാന്‍ കത്തില്‍ പ്രകടിപ്പിച്ചത്. അദ്ദേഹം ചൂണ്ടിക്കാണിച്ച വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടവ തന്നെയാണ്. പക്ഷേ ഭീകരവാദം എന്ന ഒറ്റ വിഷയത്തില്‍ ചര്‍ച്ച നടക്കുകുയും അതിന് അനുസൃതമായി പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ മറ്റ് വിഷയങ്ങളിലുള്ള ചര്‍ച്ചയെക്കുറിച്ച് ചിന്തിക്കാനാകൂ. ചര്‍ച്ചക്ക് ഒരിക്കലും തയ്യാറല്ലെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് മാത്രമേ വ്യക്തമാക്കിയിട്ടുള്ളു.
ഭീകരര്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്താനുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് പൂര്‍ണ സമ്മതമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് പാകിസ്ഥാനെ അറിയിച്ചതാണ്. പാക് സേനാ മേധാവി സമാധാന ചര്‍ച്ചയ്ക്കുള്ള താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് ബിപിന്‍ റാവത്ത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച ആവശ്യപ്പെടുന്ന പാകിസ്താന്റെ പ്രവര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യമുണ്ടെന്നതിന്റെ യാതൊരു സൂചനകളുമില്ലെന്നും അന്ന് റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു. അതേ സാഹചര്യം തന്നെയാണ് നിലവിലും. ചര്‍ച്ചക്ക് തയ്യാറായി പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ട് വരുന്നു. അതേസമയം പാക് സൈന്യം ഇന്ത്യന്‍ സൈനികശക്തിയെ വെല്ലുവിളിച്ചും അപമാനിച്ചും നിരപരാധിയായ ജവാന്റെ കഴുത്തറത്തുകൊല്ലുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാകിസ്ഥാനോട് മൃദുനിലപാട് സ്വീകരിക്കാനും സമാധാന ചര്‍ച്ച നടത്താനും ഇന്ത്യ ഒരിക്കലും തയ്യാറാകില്ലെന്ന സാമാന്യബോധമെങ്കിലും പാകിസ്ഥാനുണ്ടാകണം.
ഇനി ഇന്ത്യയുമായി ചര്‍ച്ചക്ക് മുന്നോട്ട് വന്ന ഇമ്രാന്‍ ഖാന്‍െ താത്പര്യം സത്യസന്ധവും ആത്മാര്‍ത്ഥവുമാണെങ്കില്‍ തന്നെ പാക് സൈന്യം അതാഗ്രഹിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചത്. പാക് ഭരണാധികാരികള്‍ ഇന്ത്യയുമായി സൗഹൃദ്ബന്ധവും വാണിജ്യ ഇടപാടുകളും ആഗ്രഹിച്ചാല്‍ തന്നെ ഒരുകാലത്തും അതിനെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ തയ്യാറാകാത്ത വിലയൊരു വിഭാഗം പാകിസ്ഥാനിലുണ്ട്. നിര്‍ഭാഗ്യവശാല്‍ അതിന് മുന്നില്‍ നില്‍ക്കുന്നത് പാക് സൈന്യം തന്നെയാണ്. ഇന്ത്യയും പാകിസ്ഥാനും എന്നും ശത്രുക്കളായി നില്‍ക്കണമെന്ന് പാക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള വളക്കറുള്ള മണ്ണാക്കിമാറ്റിയ ഭീകര സംഘടനകളും ആഗ്രഹിക്കുന്നു.
ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടെത്തിച്ചും കശ്മീരില്‍ കലാപം സൃഷ്ടിച്ചും നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനം നടത്തിയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാനിലെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പാക് ഭരണകൂടം ആര്‍ജ്ജവം കാണിക്കണം. അതിന് കഴിയാത്ത ഒരു ഭരണനേതൃത്വത്തോട് നടത്തുന്ന ഉഭയകക്ഷി ചര്‍ച്ച എന്ത് പ്രയോജനം ചെയ്യാനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണം. പക്ഷേ അതിനായി എന്തു തരത്തിലുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് പാകിസ്ഥാന്‍ പരിശോധിക്കണം. തങ്ങളുടെ മണ്ണില്‍നിന്ന് ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്ന ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് ആദ്യം. അതിന് പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും ഇന്ത്യക്ക് ബോധ്യം വരും വരെ ചര്‍ച്ചകള്‍ക്കായി ആ രാജ്യം കാത്തിരിക്കുക തന്നെ വേണം.
Post Your Comments