1947-ല്‍ ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് രണ്ട് സ്വതന്ത്ര രാജ്യങ്ങളായതിന് ശേഷം തമ്മിലുണ്ടായിട്ടുള്ള യുദ്ധങ്ങളെയും ഏറ്റുമുട്ടലുകളെയും ഉരസലുകളേയും കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യാനന്തരം ഒരു അപ്രഖ്യാപിത യുദ്ധമുള്‍പ്പെടെ നാലു വലിയ യുദ്ധങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. അത് എല്ലാ മേഖലകളേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സിനിമ, ക്രിക്കറ്റ്, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളേയും.
ആദ്യം അതിര്‍ത്തിയില്‍ മര്യാദ പിന്നെ ചര്‍ച്ച, അതല്ലേ ശരി ‘മിസ്റ്റര്‍ ഖാന്‍ ‘
മൂന്ന് വര്‍ഷത്തോളമാകുന്നു ഇന്ത്യയും അയല്‍രാജ്യമായ പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ട്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ കരാര്‍ ലംഘിച്ചുള്ള വെടിവയ്പും ഭീകരപ്രവര്‍ത്തന കേന്ദ്രങ്ങള്‍ തഴച്ചു വളരാന്‍ അനുവദിക്കുന്നതുമെല്ലാം അക്കമിട്ട് നിരത്തി കാരണം ബോധ്യപ്പെടുത്തുന്നുണ്ട് ഇന്ത്യ. പാകിസ്ഥാനില്‍ അധികാരം ഇമ്രാന്‍ഖാന്റെ കയ്യിലെത്തിയപ്പോള്‍ രാഷ്ട്രീയമായ പല വിലയിരുത്തലുകളും നടന്നു. ആത്യന്തികമായി ഇമ്രാന്‍ ഖാന്റെ ഭരണം ഇന്ത്യക്ക് ഗുണകരമാകില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി മുന്നോട്ട് വന്നപ്പോള്‍ അത് തള്ളിക്കളഞ്ഞില്ല എന്നത് ഇന്ത്യ കാണിച്ച മര്യാദ. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവും ചര്‍ച്ച ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായതുമാണ്. അതേസമയം ഇതിനിടയിലാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം പാക് സൈന്യം മൃതദേഹം വികൃതമാക്കിയത്.
ഇതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു. ചര്‍ച്ച വേണ്ടെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതോടെ അത് രാജ്യത്തിന്റെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നാണ് ഇന്ത്യയുടെ വിദേശ വക്താവ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘മോദി സാഹിബ്’ എന്ന് അഭിസംബോധന ചെയ്തായിരുന്നു പാക് പ്രധാനമന്ത്രിയുടെ കത്ത്. ഭീകരവാദം മാത്രമല്ല വ്യാപാരം, ആധ്യാത്മിക വിനോദ സഞ്ചാരം, മനുഷ്യാവകാശം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്ന താത്പര്യമാണ് ഇമ്രാന്‍ ഖാന്‍ കത്തില്‍ പ്രകടിപ്പിച്ചത്. അദ്ദേഹം ചൂണ്ടിക്കാണിച്ച വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടവ തന്നെയാണ്. പക്ഷേ ഭീകരവാദം എന്ന ഒറ്റ വിഷയത്തില്‍ ചര്‍ച്ച നടക്കുകുയും അതിന് അനുസൃതമായി പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ മറ്റ് വിഷയങ്ങളിലുള്ള ചര്‍ച്ചയെക്കുറിച്ച് ചിന്തിക്കാനാകൂ. ചര്‍ച്ചക്ക് ഒരിക്കലും തയ്യാറല്ലെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് മാത്രമേ വ്യക്തമാക്കിയിട്ടുള്ളു.
ഭീകരര്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്താനുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് പൂര്‍ണ സമ്മതമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് പാകിസ്ഥാനെ അറിയിച്ചതാണ്. പാക് സേനാ മേധാവി സമാധാന ചര്‍ച്ചയ്ക്കുള്ള താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് ബിപിന്‍ റാവത്ത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച ആവശ്യപ്പെടുന്ന പാകിസ്താന്റെ പ്രവര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് താല്‍പര്യമുണ്ടെന്നതിന്റെ യാതൊരു സൂചനകളുമില്ലെന്നും അന്ന് റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു. അതേ സാഹചര്യം തന്നെയാണ് നിലവിലും. ചര്‍ച്ചക്ക് തയ്യാറായി പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ട് വരുന്നു. അതേസമയം പാക് സൈന്യം ഇന്ത്യന്‍ സൈനികശക്തിയെ വെല്ലുവിളിച്ചും അപമാനിച്ചും നിരപരാധിയായ ജവാന്റെ കഴുത്തറത്തുകൊല്ലുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാകിസ്ഥാനോട് മൃദുനിലപാട് സ്വീകരിക്കാനും സമാധാന ചര്‍ച്ച നടത്താനും ഇന്ത്യ ഒരിക്കലും തയ്യാറാകില്ലെന്ന സാമാന്യബോധമെങ്കിലും പാകിസ്ഥാനുണ്ടാകണം.
ഇനി ഇന്ത്യയുമായി ചര്‍ച്ചക്ക് മുന്നോട്ട് വന്ന ഇമ്രാന്‍ ഖാന്‍െ താത്പര്യം സത്യസന്ധവും ആത്മാര്‍ത്ഥവുമാണെങ്കില്‍ തന്നെ പാക് സൈന്യം അതാഗ്രഹിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അതിര്‍ത്തിയില്‍ നിന്ന് ലഭിച്ചത്. പാക് ഭരണാധികാരികള്‍ ഇന്ത്യയുമായി സൗഹൃദ്ബന്ധവും വാണിജ്യ ഇടപാടുകളും ആഗ്രഹിച്ചാല്‍ തന്നെ ഒരുകാലത്തും അതിനെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ തയ്യാറാകാത്ത വിലയൊരു വിഭാഗം പാകിസ്ഥാനിലുണ്ട്. നിര്‍ഭാഗ്യവശാല്‍ അതിന് മുന്നില്‍ നില്‍ക്കുന്നത് പാക് സൈന്യം തന്നെയാണ്. ഇന്ത്യയും പാകിസ്ഥാനും എന്നും ശത്രുക്കളായി നില്‍ക്കണമെന്ന് പാക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള വളക്കറുള്ള മണ്ണാക്കിമാറ്റിയ ഭീകര സംഘടനകളും ആഗ്രഹിക്കുന്നു.
ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടെത്തിച്ചും കശ്മീരില്‍ കലാപം സൃഷ്ടിച്ചും നുഴഞ്ഞുകയറി ഭീകരപ്രവര്‍ത്തനം നടത്തിയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാനിലെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പാക് ഭരണകൂടം ആര്‍ജ്ജവം കാണിക്കണം. അതിന് കഴിയാത്ത ഒരു ഭരണനേതൃത്വത്തോട് നടത്തുന്ന ഉഭയകക്ഷി ചര്‍ച്ച എന്ത് പ്രയോജനം ചെയ്യാനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണം. പക്ഷേ അതിനായി എന്തു തരത്തിലുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് പാകിസ്ഥാന്‍ പരിശോധിക്കണം. തങ്ങളുടെ മണ്ണില്‍നിന്ന് ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്ന ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് ആദ്യം. അതിന് പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും ഇന്ത്യക്ക് ബോധ്യം വരും വരെ ചര്‍ച്ചകള്‍ക്കായി ആ രാജ്യം കാത്തിരിക്കുക തന്നെ വേണം.
ഇന്ത്യാ-പാക് ക്രിക്കറ്റിലെ മത്സരത്തിനപ്പുറമുള്ള ചില കാഴ്ചകള്‍
ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നാണ് ക്രിക്കറ്റ്. എന്നാല്‍ എപ്പോഴും ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ്റ് ഒരു വിനോദത്തിനും അപ്പുറം കുടിപ്പകയുടേയും പകരം വീട്ടുലകളുടേയും കളിയാണ്. വിഭജനത്തിന്റേയും കലാപത്തിന്റെയും പാശ്ചാത്തലത്തില്‍ ആരംഭിച്ച വൈര്യം കാശ്മീര്‍ പ്രശ്‌നത്തോടെ രൂക്ഷമായി. പിന്നെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നിരവധി യുദ്ധങ്ങളുടെ കഥ, ഈ സമയങ്ങളിലൊക്കെ ക്രിക്കറ്റ് പലപ്പോഴും
സൗഹൃദം പുനരാരംഭിക്കാന്‍ കാരണമായിട്ടുണ്ടെങ്കിലും പാകിസ്ഥാന്‍- ഇന്ത്യ ക്രിക്ക്റ്റ് മത്സരം ഒരു ശരാശരി ഇന്ത്യക്കാരന് ജീവന്‍ മരണ പോരാട്ടമാണ്. ആ പോരാട്ടത്തെ എത്രമേല്‍ തീവ്രമാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ബിസിസിയുടേയും മാധ്യമങ്ങളുടേയും സാമ്പത്തിക ലാഭം.
ഇന്ത്യയും പാകിസ്താനും ഒരിടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ വീണ്ടും അതേ ആവശം തന്നെയാണ് ഓരോ ജനതയുടേയും ഉള്ളില്‍. കളിക്കളത്തില്‍ ബദ്ധവൈരികളായി തുടരുമ്പോഴും പുറത്ത് സൗഹൃദത്തിന് കുറവ് വരുത്താത്ത രീതി ഇന്ത്യ പാക് താരങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ പരിശീലക ക്യാമ്പിലെത്തി കൈകൊടുത്ത് സംസാരിച്ച ഷുഹൈബ് മാലിക്കും ധോണിയും ഈ രീതിയുടെ തുടര്‍ച്ചക്കാരായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
ആറ് പതിറ്റാണ്ട് പിന്നിലേക്ക് പോയാല്‍, കൃത്യമായി പറഞ്ഞാല്‍ 1955ലെ പുതുവത്സര ദിനം. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇത്രയേറെ ഇന്ത്യക്കാര്‍ ത്രിവര്‍ണ പതാകയേന്തി ലാഹോറിലേക്ക് പാലായനം ചെയ്ത ചരിത്രമുണ്ടായിട്ടില്ല. കാല്‍ നടയായി പതിനായിരങ്ങള്‍ അതിര്‍ത്തി കടന്നത് പാകിസ്താന്‍ കീഴടക്കാനായിരുന്നില്ല, മനസ് കീഴടക്കാനായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം രാഷ്ട്രീയക്കാരുടെ കൈയിലെ കളിപ്പാവയായി ക്രിക്കറ്റ് മാറിയിരിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യ-പാക് മത്സരങ്ങള്‍.
1951- 52 ല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടെസ്റ്റ് പരമ്പര നടന്നു. 1954- 55 ല്‍ നേരത്തെ മുകളില്‍ പറഞ്ഞതു പോലെ ഇന്ത്യന്‍ ടീം ആദ്യമായി പാകിസ്താന്‍ സന്ദര്‍ശിച്ചു. 1962 നും 1977 നും ഇടയ്ക്കും 1965 നും 1971 നും ഇടയ്ക്കും ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ക്രിക്കറ്റ് മത്സരം പോലും നടന്നില്ല. 1999 കാര്‍ഗില്‍ യുദ്ധവും 2008 മുംബൈ ഭീകരാക്രമണങ്ങളും ഇന്ത്യാ-പാക് തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങളെ തടസ്സപ്പെടുത്തുകയുണ്ടായി. 2009 ജനുവരി 13 മുതല്‍ ഫെബ്രുവരി 19 വരെ പാകിസ്താന്‍ പര്യടനം നടത്താന്‍ ഇന്ത്യ തീരുമാനിച്ചു. എന്നാല്‍, മുംബൈ ഭീകര ആക്രമണത്തിന് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സമ്മര്‍ദത്തെത്തുടര്‍ന്ന് റദ്ദാക്കപ്പെടുകയാണുണ്ടായത്.
അതേസമയം എന്നും ജനങ്ങള്‍ ആവേശത്തോടെ മാത്രം നോക്കിയിരുന്ന ഇന്ത്യാ- പാക് മത്സരം ഈ വര്‍ഷം നടക്കുമ്പോള്‍ ആവേശം ഒട്ടും ചോരാതെ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ മത്സരത്തെ വിലയിരുത്തുന്നത്. എന്നാല്‍ ബാറ്റും ബോളും നേരെ പിടിക്കാന്‍ പോലുമറിയാത്തവര്‍ ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ മത്സരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും സാമ്പത്തിക വല്‍ക്കരിക്കാനും ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ ഇന്ത്യ-പാക് ക്രിക്കറ്റെന്നാല്‍ ഒരു തീപ്പൊരി പോരാട്ടമായാണ് നമ്മള്‍ കാണാറുളളത്. മൈതാനത്ത് രണ്ട് ടീമുകളും തമ്മിലുളള കായികമായ ശത്രുതയും വാശിയും ഏറെ വര്‍ഷങ്ങളായി ഉളളതുമാണ്. എന്നാല്‍ മൈതാനത്തിന് പുറത്ത് ക്രിക്കറ്റ് താരങ്ങള്‍ ഏറെ സൗഹാര്‍ദ്ദം പുലര്‍ത്തുന്ന കാഴ്ചയും നാം കണ്ടിട്ടുണ്ട്. വിരാട് കോഹ്ലിയും ഷാഹിദ് അഫ്രീദിയും തമ്മിലുളള സൗഹൃദവും ഇവിടെ എടുത്തു പറയാവുന്നതാണ്.
https://twitter.com/VORdotcom/status/1043016264489230339
കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ പാക് പടയെ ഏകപക്ഷീയമായി കീഴടക്കി ഇന്ത്യ വിജയിച്ചിരുന്നു. ഇതിനിടെ ചില എടുത്തു പറയേണ്ട സംഭവങ്ങളുണ്ടായി, ഉസ്മാന്‍ ഖാന്റെ ഷൂ ലേസ് കെട്ടിക്കൊടുത്ത യുസ്‌വേന്ദ്ര ചാഹല്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയുണ്ടായി. ഇതിനോടൊപ്പം തന്നെ ചില വൈകാരിക നിമിഷങ്ങളും കാണാന്‍ കഴിയുകയുണ്ടായി. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ മത്സരം കാണാന്‍ എത്തിയ ഒരു പാക് ആരാധകനും ഇന്ത്യയുടെ ദേശീയഗാനം ഏറ്റുപാടുകയുണ്ടായി. പാകിസ്താന്റെ ജേഴ്‌സി അണിഞ്ഞെത്തിയ ആരാധകന്‍ ഇന്ത്യന്‍ ദേശീയഗാനം തെറ്റില്ലാതെ പാടിതീര്‍ക്കുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇങ്ങനെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബദ്ധ വൈര്യം മറന്ന്, ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു സൗഹാര്‍ദ്ദ അന്തരീക്ഷം എന്നും നിലനില്‍ക്കാനിടയാവട്ടെ. ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം എന്നും സൗഹാര്‍ദപരമാകട്ടെ.
താരങ്ങള്‍ നേരിടുന്ന വിലക്കും ഇന്ത്യ – പാക് സിനിമാ വിവാദങ്ങളും
സംഗീതം, നാട്യം, നൃത്തം തുടങ്ങി വിഭിന്ന കലകളുടെ സമ്മേളനമാണ് സിനിമ. ഒരു നൂറ്റാണ്ടിന്റെ മാത്രം പഴക്കമുള്ള ഈ കലാരൂപം ഇന്ന് വന്‍ ജനപ്രീതി ആര്‍ജ്ജിച്ചു കഴിഞ്ഞു. എന്നാല്‍ പലപ്പോഴും വിവാദങ്ങള്‍ സിനിമയില്‍ ഉണ്ടാകാറുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ സിനിമ പലപ്പോഴും അതിര്‍ത്തി പ്രശ്നങ്ങളെ അവതരിപ്പിക്കാറുണ്ട്. ഇന്ത്യ – പാക് യുദ്ധവും തീവ്രവാദവും പലപ്പോഴും സിനിമയില്‍ കടന്നു വരുന്നു. സാമൂഹിക പ്രശ്നങ്ങളുടെ പ്രതിഫലനത്തിന്റെ പേരില്‍ പാകിസ്താന്‍ കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ പലപ്പോഴും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ചില സിനിമാ വിവാദങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ഉറി ഭീകരാക്രമണത്തിന്റെ കാലത്താണ് പ്രധാനമായും പാക് കലാകാരന്മാര്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ പാക് താരങ്ങള്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനം ഉണ്ടായിരുന്നു. ജനവികാരം കണക്കിലെടുത്താണ് പാക് താരങ്ങളോ സാങ്കേതിക വിദഗ്ധരോ പ്രവര്‍ത്തിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന സിനിമാ ഓണേഴ്സ് ആന്‍ഡ് എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സി.ഒ.ഇ.എ.ഐ) തീരുമാനം ഉണ്ടായത്.
പാക് താരം ഫവദ്ഖാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചതിനാല്‍ പ്രദര്‍ശന നിരോധമനുഭവിച്ച ചിത്രമാണ് എ ദില്‍ ഹെ മുശ്കില്‍. ഈ ചിത്രം ഒരുക്കിയത് പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ ആയിരുന്നു. രാജ്യ ദ്രോഹി എന്ന കുറ്റപ്പെടുത്തലില്‍ മനംനൊന്ത കരണ്‍ ഇനി തന്റെ ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നു തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. മഹീറ ഖാന്‍ അഭിനയിച്ച ഷാരൂഖ് ചിത്രം റായിസ് പ്രദര്‍ശന നിരോധനം അനുഭവിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. 1997ല്‍ ദിലീപ് കുമാറിന് പാകിസ്താനിലെ ഏറ്റവും വലിയ സിവില്‍ പുരസ്കാരം ‘നിഷാനേ ഇംതിയാസ്’ നല്‍കപ്പെട്ടപ്പോള്‍ പാക് ചാരനായാണ് ശിവസേന അദ്ദേഹത്തെ മുദ്രകുത്തിയത്. ഇത് ഇന്ത്യയുടെ കാര്യം ആകുമ്പോള്‍ പാകിസ്താന്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത് 1962ലാണ്.
ദേശീയ ഗാനവും ഇന്ത്യന്‍ പതാകയും കാണിക്കുന്നതിന്റെ പേരില്‍ പാകിസ്താന്‍ പ്രദര്‍ശന നിരോധനം പ്രഖ്യാപിച്ച ചിത്രമാണ് ദംഗല്‍. അമീര്‍ ഖ്സാന്‍ ഒരുക്കിയ ഈ ചിത്രത്തിനു പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. അതുപോലെ ടുബ് ലൈറ്റ്, റയിസ്, പാട്മാന്‍, പാരി, റാസി, വീരേ ദി വെഡിംഗ് തുടങ്ങി പല ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments