സാംസ്കാരികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നില്ക്കുന്ന സംസ്ഥാനമെന്ന ഖ്യാതി എന്നും കേരളത്തിനുണ്ട്. അതൊടൊപ്പം സ്ത്രീ പീഡനക്കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്നു എന്ന അപഖ്യാതിയും. പ്രളയകാലത്തെ മനോധൈര്യവും കൂട്ടായ്മയും കൊണ്ട് മറ്റ് സംസ്ഥാനങ്ങളുടെ കയ്യടി നേടിയതിന് തൊട്ടുപിന്നാലെയാണ് ഒരു വിശുദ്ധ പീഡനത്തിന്റെ കഥ കേരളത്തിന്റെ അന്തസ് കെടുത്തിയത്. സ്ത്രീകള്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. പ്രമുഖര്‍ ആരോപണ വിധേയരായ ഒരുപാട് പീഡനക്കേസുകള്‍ കേരളം കണ്ടതാണ്. പക്ഷേ ആദരണീയമായ ഒരു സഭയുടെ ഏറ്റവും പൂജനീയ സ്ഥാനം അലങ്കരിക്കുന്ന ഒരു ബിഷപ്പ് ബലാത്സംഗകേസില്പ്പെടുന്നതും അത് കേരളത്തില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നതും ആദ്യമായാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ബിഷപ്പിന് പീഡനകേസില്‍ അറസ്റ്റിലാകേണ്ടി വന്നതും.
അഞ്ച് കന്യാസ്ത്രീകളുടെ അസാമാന്യവും അചഞ്ചലവുമായ ധൈര്യവും ഇച്ഛാശക്തിയുമാണ് രാഷ്ട്രീയവും മതപരവും സാംസ്കാരിവുമായ രഹസ്യപിന്തുണയുടെ മറവില്‍ സുരക്ഷിതനാകാമെന്ന് വ്യാമോഹിച്ച ഒരു ബിഷപ്പിനെ നീതി പീഠത്തിന്റെ മുന്നിലെത്തിക്കുന്നത്. മറ്റെല്ലാം കാര്യങ്ങളിലും ചോദിക്കാതെയും വിളിക്കാതെയും പ്രതികരണവുമായെത്തുന്ന രാഷ്ട്രീയക്കാരുടെ വക്താക്കളൊക്കൈ ബിഷപ്പിന്റെ കാര്യത്തില്‍ പരമാവധി മൗനം കാത്തുസൂക്ഷിക്കുന്നതും നാം കണ്ടതാണ്. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ വിവാദമായ ഈ കേസില്‍ ഊന്നിപ്പറയുന്ന നിലപാടുകളൊന്നും ഉണ്ടായിരുന്നില്ല. കര്‍ത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രീകള്‍ തെരുവില്‍ സമരപ്പന്തല്‍ നാട്ടി പ്രതിഷേധിക്കുമ്പോഴും അവരെ പിന്തുണയ്ക്കാന്‍ ആദ്യം അധികമാരും എത്തിയില്ല. എന്നിട്ടും തളരാതെ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വരെ സമരമെന്ന ഉറച്ചനിലപാടില്‍ ആ കന്യാസ്ത്രീകള്‍ തുടര്‍ന്നപ്പോള്‍ അവരുടെ സത്യത്തിനൊപ്പം നില്‍ക്കാതെ തരമില്ലെന്ന് ബോധ്യപ്പെട്ടവര്‍ കൂടെക്കൂടുകയായിരുന്നു.
തിരുസഭയുടെ എല്ലാ പരിഗണനയും പദവിയും അനുഭവിച്ചുകഴിയുന്ന ഒരു കന്യാസ്ത്രീക്ക് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു വെളിപ്പെടുത്തലുമായി പുറത്തുവരേണ്ടി വന്നെങ്കില്‍ അവര്‍ എത്രമാത്രം മാനസികസംഘര്‍ഷം അനുഭവിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്. എന്നിട്ടും അത് കള്ളത്തരമായും പക വീട്ടലായി വ്യാഖാനിച്ച് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം നിന്നവരുടെ സാമൂഹിക പ്രതിബദ്ധതയും മാനുഷിക ഉത്തരവാദിത്തവുമാണ് ഇനി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അധികാരവും സ്വാധീനവും ഉപയോഗിച്ച് തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ഒരു ആരോപണം ഇല്ലാതാക്കാമെന്ന ഫ്രാങ്കോയും അദ്ദേഹത്തെ സംരക്ഷിച്ച സഭയും ധരിച്ചുപോയെങ്കില്‍ അതിനും എത്രയോ മുകളിലായിരുന്നു അവര്‍ വിശ്വസിക്കുന്ന കര്‍ത്താവിന്റെ തീരുമാനം. കൂടെയുള്ള ഒരുവളുടെ കണ്ണുനീരിനൊപ്പം നില്ക്കാന് അഞ്ച് പേരെ കരുതിവച്ച് പിശാചിന്റെ പ്രലോഭനത്തില്‍ വീണുപോയ ഒരുവനെ അവര്ഹിക്കാത്ത പീഠത്തില്‍ നിന്നിറക്കിവിട്ടതും അവിടുത്തെ തീരുമാനം. ഇനിയും നിയമപരമായ സാധ്യതകളെല്ലാം മുറുക്കി പഴുതടച്ച് ഫ്രാങ്കോയെ അഴിക്കുള്ളിലാക്കുക എന്നതാണ് അടുത്ത ദൗത്യം. അതിനിടയില്‍ എത്രയോ ഇടപെടലുകളും തിരുത്തലുകളും ഉണ്ടായേക്കും. അങ്ങനെയാണ് കേരളം കണ്ട വിവാദമായ കേസുകളിലെല്ലാം സംഭവിക്കുന്നത്. ഇനി ഫ്രാങ്കോയ്ക്ക ഇല്ലാത്ത രോഗങ്ങളൊക്കെ ഉണ്ടാകും. അതിന്റെ പേരില്‍ പ്രത്യേത പരിഗണന കിട്ടിയെന്നിരിക്കും. അതൊക്കെ സംഭവിച്ചില്ലെങ്കില്‍ അതിശയിക്കണം.
പ്രതിസ്ഥാനത്ത് സമൂഹത്തിലെ ഉന്നതരോ അറിയപ്പെടുന്നവരോ ആണെങ്കില്‍ ചോദ്യം ചെയ്യലിനും അറസ്റ്റിനും കാലതാമസം ഉണ്ടാകുമെന്ന് മാത്രമല്ല പലപ്പോഴും തെളിവുകള്‍ പോലും അവശേഷിക്കാത്ത വിധം ഈ കേസുകളില്‍ നിന്ന് അവര്‍ രക്ഷപ്പെടുകയും ചെയ്യും. സൂര്യനെല്ലി, വിതുര, കിളിരൂര്‍ കേസുകള്‍ അതിന് പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. കേസും വിചാരണയും മടുത്ത് മാനസികമായി തകര്‍ന്നുപോകുന്ന ഇരകളെ സ്വമേധയാ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഇവരുടെ തന്ത്രം. ആ തന്ത്രം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പ്രതികളും അവരെ സഹായിക്കുന്നവരും വളരെ പെട്ടെന്ന് തന്നെ വിജയിക്കുന്നു. അതുകൊണ്ടാണ് ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ഷം തോറും കൂടിവരുന്നത്.
ഒന്നുകൊണ്ട് പഠിച്ചില്ലെങ്കില്‍ ഒമ്പതുകൊണ്ടെങ്കിലും മലയാളി പഠിക്കേണ്ടിയിരിക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് ഒരു ഓര്‍മപ്പെടുത്തലാകണം. പണവും ആള്‍ബലവും കൊണ്ട് മൂടിവയ്ക്കാനകില്ല എല്ലാ സത്യങ്ങളും. സമ്മതമില്ലാതെ ഒരു സ്ത്രീയുടെയും ശരീരത്തില്‍ ആരുടെയും കൈകള്‍ വീഴാന്‍ പാടില്ല. പ്രത്യേകിച്ചും മതപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സ്ഥാപനങ്ങളിലും സംഘടനകളിലും. അങ്ങനെ സംഭവിച്ചാല്‍ ഭീഷണിപ്പെടുത്തിയോ ബ്ലാക് മെയില്‍ ചെയ്തോ കൊന്നുകളഞ്ഞോ നിശബ്ദരാക്കാമെന്ന് കരുതരുത്. അങ്ങനെതന്നെ സംഭവിക്കണമെന്നില്ല. തിരിച്ചെടുക്കാനാകാത്തവിധം കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പിച്ചാകും അത് അവസാനിക്കുന്നത്. കന്യാസ്ത്രീയുടെ കേസിലെന്ന പോലെ പണ്ട് അഭയക്കേസിലും ക്രൈസ്തവസഭ പ്രതികളെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതാണ്. എന്നിട്ടെന്തുണ്ടായി. കുഴിച്ചിട്ടിട്ടും കുഴിച്ചിട്ടിട്ടും പതിന്മടങ്ങ് ശക്തിയോടെ അഭയകേസ് ഉയിര്‍ത്തുവന്നു. അതില്‍പ്പെട്ടവര്‍ക്കും സൈ്വര്യം കൊടുക്കാനാകാത്ത വിധം തലയക്ക് മുകളിലെ ഡെമോക്ളസിന്റെ വാളു പോലെ അത് തൂങ്ങിയാടുകയാണ്. പുറത്തുവന്ന് കത്തിപ്പടര്‍ന്നത് രണ്ട് കേസുകള്‍ മാത്രമാകും. മറ്റാരും സഭകളില്‍ പീഡിപ്പിക്കപ്പെടുന്നു എന്നല്ല ഇതിനര്‍ത്ഥം. പരാതിപ്പെടാത്തതിനാല്‍ കുറ്റവാളികള്‍ സുരക്ഷിതരാണെന്ന് ധരിക്കരുത്. കാത്തിരിക്കുന്നുണ്ടാകും അവരെ, അഭയേക്കാള് കന്യാസ്ത്രീയേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റൊരുവള്‍. അതുകൊണ്ട് ബിഷപ്പുമാരേ പുരോഹിതരേ ജാഗ്രതൈ…
Post Your Comments