മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ മൂവാറ്റുപുഴയിലെ സെയില്‍സ് ടാക്സ് കണ്‍സള്‍ട്ടന്റും കുടുംബത്തിന്റേയും തിരോധാനത്തില്‍ ദുരൂഹത.
മൂവാറ്റുപുഴ കണ്ണാടിപ്പാറ വീട്ടില്‍ ബിജു( 43), ഭാര്യ സൂര്യ (40), മക്കളായ അജിത്ത് (17), സുജിത്ത് (14), എന്നിവരെയും കൊണ്ടാണ് ഇയാള്‍ നാടുവിട്ടിട്ടുള്ളത്. ഇവരെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. കാണാതായ ബിജു മൂവാറ്റുപുഴയില്‍ നിരവധി സ്ഥാപനങ്ങളുടെ സെയില്‍ടാക്‌സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ധാരാളിത്വത്തിന്റെ നിറുകയിലായിരുന്നു ഇയാളുടെ ജീവിതമെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിന് നല്‍കിയ വിവരം.
കഴിഞ്ഞ ദിവസം വീട് പരിശോധിക്കാനെത്തിയപ്പോഴാണ് പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. രണ്ട് സെന്റിലെ വാടക വീട്ടിലാണ് താമസം. ഉള്ളിലെ എല്ലാമുറികളിലും എ സി. വീടിനുള്ളില്‍ സിനിമ കാണാന്‍ മിനി തീയറ്റര്‍. ആഡംബരത്തിനായി പണം വാരിക്കോരിച്ചിലവഴിച്ചതായി ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായെന്നാണ് പൊലീസിന്റെ നേര്‍സാക്ഷ്യം.
സ്വന്തം കാര്‍ എന്ന് പറഞ്ഞ് ബിജു കൊണ്ടുനടന്നത് റെന്റേകാര്‍ ആയിരുന്നെന്നും വ്യക്തമായിട്ടുണ്ട്. പതിനായിരം രൂപയായിരുന്നു വീടിന്റെ വാടക. നേരത്തെ നാടുവിട്ട ബിജു കുറച്ചുകാലം തമിഴ്‌നാട്ടിലായിരുന്നു. ഈ സമയത്ത് ആണ് സെയില്‍ടാക്സ് കണ്‍സള്‍ട്ടന്‍സിയായി മാറിയതും വിവാഹം കഴിച്ചതും.
ജി എസ് ടി വന്നതോടെ ബിജുവിന് തിരക്ക് വര്‍ദ്ധിച്ചു. പുതിയ സംവിധാനത്തില്‍ കണക്കുകള്‍ ശരിയാക്കി നല്‍കുന്നതില്‍ ഇയാള്‍ വേഗത്തില്‍ മികവുപുലര്‍ത്തി. ഇതോടെ പ്രധാന സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ സെയില്‍ടാക്സ് സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ ബിജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വഴിക്ക് കിട്ടിയ ബന്ധങ്ങളാണ് വന്‍തുകകളുടെ മറിവ് തിരിവിന് ബിജുവിന് സഹായകമായതെന്നാണ് പൊലീസിന്റെ അനുമാനം.
Post Your Comments