മലപ്പുറം: പ്രളയം സംഹര താണ്ഡവമാടിയപ്പോള്‍ ഉരുള്‍പൊട്ടലില്‍ അമ്മ മരിച്ച, വായ്പയെടുത്ത് നിര്‍മിച്ച പുതിയ വീട് തകര്‍ന്നടിഞ്ഞ. തളര്‍ന്നുകിടക്കുന്ന അച്ഛനും മാനസികാസ്വാസ്ഥ്യമുള്ള മാതൃസഹോദരിക്കുമൊപ്പം ദുരിതാശ്വാസ കേന്ദ്രത്തിലിരുന്ന് അരീക്കോട് ഓടക്കയം ആദിവാസി കോളനിയിലെ നെല്ലായി പ്രേമന്‍ (43) വിങ്ങലോടെ ചോദിക്കുന്നത് ‘സാര്‍, ഒരു മാസത്തെ ശമ്പളം ഞാനും അടയ്ക്കണോ?’ നിലമ്പൂരിലെ ഐടിഡിപി ജില്ലാ ഓഫിസില്‍ നൈറ്റ് വാച്ച്മാന്‍ ആണ് പ്രേമന്‍.
സാലറി ചലഞ്ചില്‍ കൊടുക്കാന്‍ ശമ്പളമുണ്ടെങ്കിലും പിന്നെ പട്ടിണി കിടക്കേണ്ടി വരുന്നൊരു കുടുംബമാണിത്. ദുരിതം നേരിട്ടറിയാവുന്നതിനാല്‍ ദുരിതാശ്വാസനിധിയിലേക്ക് തന്റെ വിഹിതം നല്‍കാന്‍ തയാറാണ്. പക്ഷേ, വായ്പാതിരിച്ചടവുകളും വീട്ടുകാരുടെ ചികിത്സാച്ചെലവുമായി വലിയ തുക വരും. ദുരന്തബാധിതരെ ഓര്‍ക്കുമ്പോള്‍, ശമ്പളം പിടിക്കാന്‍ സമ്മതമല്ലെന്ന് എഴുതി നല്‍കുന്നത് വിഷമമാണെന്നും പ്രേമന്‍ പറഞ്ഞു.
ഓഗസ്റ്റ് 16ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 5 വീടുകള്‍ തകര്‍ന്ന് 7 പേരാണ് മരിച്ചത്. പ്രേമന്റെ അമ്മ മാതയും അതില്‍പെടുന്നു. അയല്‍വീട്ടില്‍ ആകെയുണ്ടായിരുന്ന 4 പേരും മരിച്ചു. മറ്റൊരു കുടുംബത്തിലെ 2 പേരും. പ്രേമന്റെ ഭാര്യ ശാന്ത, 4 വയസ്സുള്ള മകള്‍ പ്രബിഷ, ചെറിയമ്മ സുമതി എന്നിവരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുമതിയുടെ കാലിലെ അസ്ഥിപൊട്ടി ചികിത്സയിലാണ്. വീട്ടുകാര്‍ അപകടത്തില്‍പെട്ടപ്പോള്‍ നിലമ്പൂരിലെ ജോലിസ്ഥലത്തായിരുന്നു പ്രേമന്‍. ഇപ്പോള്‍ ഓടക്കയം സാംസ്‌കാരികനിലയത്തില്‍ മറ്റ് 4 പേര്‍ക്കൊപ്പം കഴിയുകയാണ് ഈ കുടുംബം.
സ്വയം തീരുമാനമെടുക്കാനില്ലെന്നും സുഹൃത്തുക്കളുടെ കൂടി അഭിപ്രായം തേടുമെന്നും പ്രേമന്‍ പറഞ്ഞു.
Post Your Comments