മഹാപ്രളയം സംസ്ഥാനത്തുടനീളം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്ന് നാളെ മുതല്‍ സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാല് ടീമുകളായി തിരിഞ്ഞ് സെപ്റ്റംബര്‍ 24 വരെ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പര്യടനം നടത്തും. കൊടിയ ദുരന്തം നേരിട്ട 12 ജില്ലകളിലും കേന്ദ്രസംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും. 11 പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ ടീം ലീഡര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍. ശര്‍മ്മയാണ്. ഡോ. ബി.രാജേന്ദര്‍, വന്ദന സിംഗാള്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഈ ടീം സന്ദര്‍ശനം നടത്തുന്നത്.
നീതിആയോഗില്‍ ഉപദേശകനായ ഡോ. യോഗേഷ് സുരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ടീം തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുക. ഡോ. ദിനേശ് ചന്ദ്, വി.വി.ശാസ്ത്രി എന്നിവരാണ് ടീം രണ്ടിലെ മറ്റ് അംഗങ്ങള്‍. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി.ധര്‍മ്മ റെഡ്ഡി, ഗ്രാമവികസന ഡയറക്ടര്‍ ധരംവീര്‍ഛാ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പര്യടനം നടത്തും.
ആഷൂമാത്തൂര്‍ നയിക്കുന്ന നാലാമത്തെ ടീം എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകള്‍ സന്ദര്‍ശിച്ച് പ്രളയദുരിതങ്ങള്‍ വിലയിരുത്തും. ടി.എസ്.മെഹ്‌റ, അനില്‍കുമാര്‍ സംഘി എന്നിവരടങ്ങുന്നതാണ് ടീം നാല്.അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വിവിധ ജില്ലാ കളക്ടര്‍മാര്‍ ഐ.എം.ടി.സിയുടെ നോഡല്‍ ഓഫീസര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പ്രളയദുരിതം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സംഘത്തെ ധരിപ്പിക്കും. സെപ്റ്റംബര്‍ 24ന് കേന്ദ്ര സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തും. സെപ്റ്റംബര്‍ 24ന് കേന്ദ്രസംഘം മടങ്ങും
Post Your Comments