ഉയരങ്ങളിലേക്ക് പറന്നുയരാനൊരുങ്ങി നമ്മുടെ സ്വന്തം ഇഡ്ഡലിയും, സാമ്പാറും. ഐ.എസ്.ആര്‍.ഒയുടെ ചരിത്രദൗത്യമായ ഗഗന്‍യാനില്‍ ഇന്ത്യക്കാരായ മൂന്നുപേര്‍ക്കൊപ്പം ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തെത്തുമോ എന്നാണിപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത്? 2022ല്‍ ബഹിരാകാശത്തേക്ക് കുതിക്കുന്ന ഗഗന്‍യാനിലെ യാത്രക്കാരാവുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ പരീക്ഷണമാണിത്.
മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.
റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്.
ഏതൊക്കെയായാലും നമ്മുടെ പ്രിയ വിഭവത്തിന് പറന്നുയരാനുള്ള അനുമതി ലഭിക്കുമോ എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ജനങ്ങള്‍.
Post Your Comments