മനില: മംഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീൻസിൽ 81 മരണം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ മൂലം നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതാണ് വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദ്രുദഗതിയില്‍ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഏകദേശം 59 പേരെ കാണാതായിട്ടുണ്ട്. ഫിലിപ്പീന്‍സിലെ ഇട്ടഗോങ് പ്രവിശ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 40 പേരെ കാണാനില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്വര്‍ണ ഖനിത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. 750 ഓളം കെട്ടിടങ്ങളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നു വീണത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന മംഖൂട്ട് ലുസോള്‍ ദ്വീപിലാണ് ആദ്യം നാശനഷ്ടം വിതച്ചത്. 50 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post Your Comments