KeralaLatest News

ഒട്ടേറെ ദുരൂഹതകള്‍ക്കും നിഗൂഡതകള്‍ക്കും അവസാനമായി : രണ്ടു മാസത്തിനു ശേഷം മക്കിയാട് കൂട്ടക്കൊലയുടെ ചുരുളഴിയുന്നു

മക്കിയാട് : അവസാനം രണ്ട് മാസത്തിനു ശേഷം മക്കിയാട് കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞു. കൊല നടത്തിയത് മോഷണത്തിനു വേണ്ടിയാണെന്ന് പിടിയിലായ പ്രതി സമ്മതിച്ചു. കേസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണു പ്രതി പൊലീസ് വലയിലായത്.

പഴുതടച്ചുള്ള അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിച്ചേര്‍ന്നത്. ഇക്കഴിഞ്ഞ ജൂലായ് ആറിനാണു മക്കിയാട് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍(26), ഫാത്തിമ (19) എന്നിവരെ കിടപ്പറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഒട്ടേറെ തവണ മേഖലയിലെ വീടുകള്‍ കയറി തെളിവെടുത്തിരുന്നു.

മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണ് അന്വേഷണഫലം. കൊല ചെയ്യാനുപയോഗിച്ച ആയുധം കണ്ടെത്താനാകാത്തത് അന്വേഷണത്തിനു പ്രതിബന്ധമായിരുന്നെങ്കിലും ഒടുവില്‍ പൊലീസ് പ്രതിയിലേക്കെത്തി. കട്ടിയുള്ള പൈപ്പ് പോലുള്ള ആയുധം കൊണ്ട് അതിശക്തമായി തലയ്ക്കടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ പണിയായുധമാണു കൊലയ്ക്ക് ഉപയോഗിച്ചതെന്നു സൂചനയുണ്ട്.

തലയിലേറ്റ ശക്തമായ അടിയില്‍ ഉമ്മറിന്റെയും ഫാത്തിമയുടെയും തലയോട്ടി പൊട്ടിപ്പൊളിഞ്ഞു. ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍,ആഭരണങ്ങള്‍ കൊലപാതകം നടന്ന വീട്ടില്‍നിന്നു കണ്ടെത്തിയ ഹെല്‍മറ്റ്, ചീപ്പ് എന്നിവ കേന്ദ്രീകരിച്ചും ശാസ്ത്രീയ അന്വേഷണം നടന്നു. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സംശയമുള്ളവരുടെ വിരലടയാളങ്ങള്‍ ശേഖരിക്കുകയും ലോഡ്ജുകളും വാടകവീടുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിനായിരുന്നു ചുമതല. കൊലയിലേക്കു നയിക്കാനിടയുള്ള ഏറ്റവും നിസ്സാരമെന്നു തോന്നാവുന്ന കാരണങ്ങള്‍പോലും തള്ളിക്കളയാതെയാണ് അന്വേഷണം നടത്തിയത്. പ്രധാനമായും നാലു സംശയങ്ങളുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. ഇതില്‍ മോഷണം തന്നെയാണ് കൊലയ്ക്കു കാരണമെന്നതാണ് പ്രതി വലയിലായതിനു ശേഷം പൊലീസ് നല്‍കുന്ന സൂചന. പൊലീസ് കേസ് അന്വേഷിച്ചത് ഈ വഴികളിലൂടെ:

കൊല്ലപ്പെട്ട ഫാത്തിമയുടെ മാല, മൂന്നു വളകള്‍, ബ്രേസ്ലെറ്റ്, രണ്ടു പാദസരങ്ങള്‍ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയ പൊലീസ് ഈ വഴിക്കാണ് ഏറ്റവുമധികം അന്വേഷണം നടത്തിയത്. മോഷണമാണു കൊലയ്ക്കു കാരണമെന്നു വ്യക്തമായ സൂചന പൊലീസിന് ലഭിക്കുകയും ചെയ്തു. ആരോടും വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരനായിരുന്നില്ല കൊല്ലപ്പെട്ട ഉമ്മര്‍ എന്നു നാട്ടുകാര്‍ പറഞ്ഞെങ്കിലും മറിച്ചുള്ള സാധ്യതയും പൊലീസ് പരിശോധിച്ചു. അവസാനമായി പൊലീസ് എത്തിച്ചേര്‍ന്ന മറ്റു നിഗമനത്തില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്. ഉമ്മറിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്ന ചില ഇതരസംസ്ഥാനക്കാരെക്കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ആഴത്തിലുള്ള വെട്ടുകളാണു മൃതദേഹങ്ങളിലുണ്ടായിരുന്നത്. പ്രഫഷനല്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ രീതിക്കു സമം. കട്ടിയുള്ള പൈപ്പ് പോലുള്ള ആയുധം ഉപയോഗിച്ചാണ് കൊലയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതോടെ, പ്രഫഷനല്‍ സംഘങ്ങള്‍ ആളുമാറി കൊലപ്പെടുത്തിയതാണോയെന്നു പൊലീസ് പരിശോധിച്ചു. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും ഉപയോഗിച്ച ആയുധം ഏതെന്നു വ്യക്തമായിട്ടുണ്ട്. ആളുമാറിയല്ല കൊലയെന്നും മോഷണമാണു കൊലയ്ക്കു പ്രേരകമായതെന്നും പൊലീസ് സൂചന നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button