കൊച്ചി: ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിലൂടെ വീട്ടമ്മമാരെ സര്‍ക്കാര്‍ തള്ളിയിട്ടത് കടത്തിന്റെ കാണാക്കയത്തിലേക്കെന്ന് പരാതി. പ്രളയത്തില്‍ നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി പലിശരഹിതമായി ഒരു ലക്ഷം രൂപ വായ്പ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട് ക്യാമ്പിലും ബന്ധുവീടുകളിലും ദിവസങ്ങളോളം കഴിഞ്ഞവര്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ. പാത്രങ്ങള്‍, കിടക്കകള്‍ അങ്ങിനെ എല്ലാം നഷ്ടമായവർക്ക് വലിയ പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താലും സ്വന്തമായും വീട് വൃത്തിയാക്കി തിരികെ താമസം ആരംഭിച്ചവര്‍ക്ക് ഗൃഹോപകരണങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥ. പലരും ബാങ്കിലെത്തി തിരക്കിയെങ്കിലും നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമായതു കൊണ്ട് പണം കിട്ടുമെന്ന ഉറപ്പില്‍ പലരും കടം വാങ്ങിയും പണയം വച്ചും വീടുകളിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി. പലിശരഹിത വായ്പ ലഭിക്കുമ്പോള്‍ കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. താലിമാലയും കുട്ടികളുടെ കാതിലെ ചെറിയ കമ്മലുകള്‍ പോലും പണയം വച്ച് അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയ വീട്ടുകാരുണ്ട്.
എന്നാലിപ്പോൾ എന്നാല്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ കേട്ട് തരിച്ചിരിക്കുകയാണ് വീട്ടമ്മമാര്‍. ഗൃഹോപകരണങ്ങളായി മാത്രമേ സഹായം ലഭിക്കൂ എന്നത് കൊടുംചതിയായിപ്പോയെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. ഇത്രയും ദിവസം വീട്ടുസാധനങ്ങള്‍ ഇല്ലാതെ എങ്ങിനെ ജീവിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. പണം നല്‍കി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് ഈ പണം ഇനി ലഭിക്കില്ല. പലിശ രഹിതമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചടയ്ക്കണമെന്നതിലും വീട്ടമ്മമാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഒരു തവണ പോലും മുടക്കമില്ലാതെ പണം തിരിച്ചടച്ചെങ്കില്‍ മാത്രമേ പലിശ തിരികെ ലഭിക്കൂ. ഇതോടെ വീട്ടമ്മമാർ അമർഷത്തിലാണ്.
Post Your Comments