എഗ്ഗ് കൊത്തുപൊറോട്ടയുടെ രുചി ആസ്വദിച്ചിട്ടുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ആരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും മട്ടന്‍കറി ചേര്‍ത്ത എഗ്ഗ് കൊത്തുപൊറോട്ട. ബാക്കിവന്ന മട്ടന്‍കറി ചേര്‍ത്ത് തയ്യാറാക്കുന്ന എഗ്ഗ് കൊത്തുപൊറോട്ട അതീവ രുചികരമാണ്. വെജിറ്റബിള്‍ കുറുമ, ചിക്കന്‍ കറി എന്നിവ ചേര്‍ത്തും ഇത് തയ്യാറാക്കാവുന്നതാണ്. നമ്മുടെ കുട്ടിപട്ടാളങ്ങള്‍ക്ക് ഇത് ഏറെ ഇഷ്ടപ്പെടും.
ചേരുവകള്‍:
പൊറോട്ട- 3 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
ഉള്ളി- ഒന്ന് (ചെറുതായി അരിയുക)
തക്കാളി- ഒന്ന് (ചെറിയ കഷണങ്ങളാക്കുക)
മുട്ട- 3 എണ്ണം
മട്ടന്‍ ഗ്രേവി- 1 കപ്പ്
കറിവേപ്പില- 1 തണ്ട്
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഉള്ളി ചെറുതായി വഴറ്റുക. പിന്നീട് തക്കാളി ചേര്‍ത്ത് കുറച്ചുനേരം കൂടി വഴറ്റുന്നത് തുടരുക. ശേഷം മുട്ട ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് അതിലേക്ക് പൊറോട്ട ചേര്‍ത്ത് കുറച്ചുനേരം വഴറ്റുക. പാകമായിക്കഴിയുമ്പോള്‍ മട്ടന്‍ ഗ്രേവി ചേര്‍ത്ത് ഇളക്കണം.
ഇളക്കുമ്പോള്‍ പൊറോട്ട കഷണങ്ങള്‍ പരസ്പരം ഒട്ടിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. തുടര്‍ന്ന് കറിവേപ്പില ചേര്‍ത്തിളക്കുക. ഒടുവില്‍ കുരുമുളക് പൊടി ചേര്‍ക്കുക. രുചികരമായ മട്ടന്‍കറി ചേര്‍ത്ത എഗ്ഗ് കൊത്തുപൊറോട്ട റെഡിയായി. ചൂടോടെ തന്നെ ഇത് കഴിക്കുന്നതാണ് നല്ലത്.
Post Your Comments