Latest NewsKerala

അയ്യനെക്കാണാന്‍ സന്നിധാനത്തിലേക്ക് ഭക്തര്‍ യാത്ര ആരംഭിച്ചു : പക്ഷേ കഠിനമീ യാത്ര

പ്രളയത്തെ തുടര്‍ന്ന്‍ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്.

പത്തനംതിട്ട : കന്നിമാസത്തില്‍ ശബരിമലയിലെ പൂജയില്‍ പങ്കെടുത്ത് അയ്യന്റെ അനുഗ്രഹം തേടാനായി സ്വാമിമാര്‍ സന്നിധാനത്തേക്ക്. പക്ഷേ മഹാപ്രളയം വിതച്ച വിനാശങ്ങള്‍ അയ്യപ്പന്‍മാരുടെ ഈ പുണ്യയാത്രയ്ക്ക് തടസമാകുന്നെങ്കിലും അയ്യപ്പന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന്‍ പമ്പയിലും ത്രിവേണിയിലും വലിയ നാശനഷ്ടങ്ങളാണുണ്ടായത്. മണ്ഡല മകരവിളക്ക് തീർഥാടനത്തിനു നടതുറക്കുന്നതിനു മുൻപായി ഇവ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. പ്രളയത്തിൽ തകർന്നടിഞ്ഞ പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിനായി സഹായം ലഭ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച ലോകബാങ്ക്, എഡിബി സംഘം അറിയിച്ചിട്ടുണ്ട്.

ഭക്തജനങ്ങൾക്കു ദർശനത്തിനായി ത്രിവേണിയിലൂടെ സന്നിധാനത്തേക്കു പോകാൻ താൽക്കാലിക പാത ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് വിരി വെയ്ക്കാനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കിയിട്ടുണ്ട്. പന്പയില്‍ കുളിക്കുന്നതിനും പൃതൃതര്‍പ്പണത്തിനുമായി പാലത്തിനടുത്ത് മണല്‍ ചാക്ക് ഇട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്. ഭക്തര്‍ക്കായി അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകരെ കെഎസ്ആർടിസി ബസുകളിലാണു പമ്പയിൽ എത്തിക്കുന്നത്. ബസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആവശ്യമാണെന്നും നിലവിലുളളവ പോരെന്നും തീർഥാടകർ അഭിപ്രായപ്പെട്ടു. ഗതാഗത തടസ്സം വരുന്നരീതിയില്‍ വീണുകിടന്ന മരങ്ങൾ വെട്ടിമാറ്റിയതായി വനംവകുപ്പും പമ്പ-മണപ്പുറം, ത്രിവേണി, കെഎസ്ആർടിസി എന്നീ ഭാഗങ്ങളിലെ വഴിവിളക്കുകൾ പ്രവര്‍ത്തന സജ്ജമാക്കിയതായി കെഎസ്ഇബിയും അറിയിച്ചു.

പമ്പ മുതൽ മരക്കൂട്ടം വരെയുള്ള സ്ഥലങ്ങളിൽ തീർഥാടകർക്കു ശുദ്ധജലം സുലഭമായി ലഭ്യമാക്കുന്നതിനു കിയോസ്‌കുകൾ ക്രമീകരിച്ചതായി ജലവിഭവ വകുപ്പ് വ്യക്തമാക്കി. പ്രളയത്തിൽപെട്ടു തകർന്ന പമ്പയിലെ കിണറും പമ്പ് ഹൗസും ശുചീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ, പാർക്കിങ്ങിന് ആവശ്യമായ സ്ഥലം ഇവ അധികമായി സജ്ജീകരിച്ചിട്ടുണ്ട് . ബേസ് ക്യാംപ് എന്ന നിലയിൽ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്യണം. പമ്പയിലെ ആശുപത്രിയുടെ ഒരു നില മണ്ണുമൂടിയ നിലയിലാണ് . ഇതുനീക്കം ചെയ്ത് അണുവിമുക്തമാക്കും. താൽക്കാലികമായി രണ്ടാമത്തെ നിലയിൽ ഒ.പി സംവിധാനങ്ങളും ആശുപത്രിയും ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ വൈദ്യുത വിതരണ സംവിധാനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button