KeralaLatest News

പ്രളയാനന്തരമുണ്ടായ പകര്‍ച്ചവ്യധികളെ പ്രതിരോധിക്കുന്നതില്‍ വിജയം കണ്ടു, കേരളം വീണ്ടും മാതൃകയായിരിക്കുന്നു : ആരോഗ്യമന്ത്രി

കേരളത്തെ ബാധിച്ച പ്രളയാനന്തര പകര്‍ച്ചവ്യാധികളേയും ആരോഗ്യ കേരളം അതിജീവിച്ചതില്‍ അതിയായ സംതൃപ്തിയുണ്ട്

തിരുവനന്തപുരം: മഹാപ്രളയത്തെത്തുടര്‍ന്നുണ്ടായ പകര്‍ച്ച വ്യാധികളെ വലിയ ആശങ്കയോടെയാണ് കണ്ടതെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ കേരളം വലിയൊരു വിപത്തിനെയാണ് മറികടന്നതെന്നും ആരോഗ്യമന്ത്രി കെ. കെ .ശെെലജ ടീച്ചര്‍. പകര്‍ച്ചവ്യാധികളെയെല്ലാം ആരോഗ്യകേരളം അതിജീവിച്ചെന്നും ഇതിലൂടെ കേരളം ഏവര്‍ക്കും ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണെന്നും മന്ത്രി സന്തോഷം പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

വലിയൊരു വിപത്തില്‍ നിന്നും കൂട്ടായ പരിശ്രമത്തിലൂടെ കേരളത്തെ കൈപിടിച്ച് കയറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഞാന്‍. നിപ വൈറസിന് ശേഷം കേരളത്തെ ബാധിച്ച പ്രളയാനന്തര പകര്‍ച്ചവ്യാധികളേയും ആരോഗ്യ കേരളം അതിജീവിച്ചതില്‍ അതിയായ സംതൃപ്തിയുണ്ട്. കേരള മോഡല്‍ ഒരിക്കല്‍ കൂടി അന്വര്‍ത്ഥമായിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള പ്രളയ ദുരന്തത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ ചരിത്രം പരിശോധിച്ചപ്പോള്‍ വലിയ ആശങ്കയാണുണ്ടായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം, ചിട്ടയായതും വിശ്രമമില്ലാത്തതുമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രളയാനന്തര പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതില്‍ വിജയം കാണുക തന്നെ ചെയ്തു.

മറ്റ് പ്രളയങ്ങളെപ്പോലെ കേരളത്തില്‍ കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും വലിയ നേട്ടമാണ്. പകര്‍ച്ച വ്യാധികള്‍ ഫലപ്രദമായി നേരിടുന്നതിന് തുടങ്ങിയ താത്ക്കാലിക ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലും ഒരു സ്ഥലത്തു നിന്നും കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങളും താത്ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കുകയാണ്. അതേസമയം സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ തുടരുന്നതാണ്.

പ്രളയം ഉണ്ടായി കഴിഞ്ഞ് ലോകത്തെമ്പാടും വിവിധ പകര്‍ച്ചവ്യാധികള്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വെള്ളമിറങ്ങി ആദ്യത്തെ ആഴ്ച കഴിഞ്ഞാല്‍ എലിപ്പനിയും അതുകഴിഞ്ഞ് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാറുണ്ട്. എല്ലാത്തരത്തിലുള്ള ജലജന്യ രോഗങ്ങളേയും ഫലപ്രദമായി നേരിടാന്‍ കേരളത്തിനായി. ലോകത്ത് ഇതുവരെ കാണാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

എന്റെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലകളിലുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളെല്ലാം തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തെ ഫലപ്രദമായി നേരിടാനുള്ള ഏകോപനത്തിന് സഹായകരമായി. ഇതോടൊപ്പം ബോധവത്ക്കരണ വിദ്യാഭ്യാസത്തിനായി 40 വീഡിയോകളും പുറത്തിറക്കി. സോഷ്യല്‍ മീഡിയ വഴി വമ്പിച്ച ബോധവത്ക്കരണ പരിപാടികളാണ് നടത്തിയത്. മാധ്യമങ്ങളും പൊതുജനങ്ങളും വലിയ പിന്തുണയാണ് ഇതിന് നല്‍കിയത്.

മറ്റ് സന്നദ്ധരായ പൊതുജനങ്ങളോടൊപ്പം ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഐ.എ.എസ്. ഓഫീസര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയുള്ള ഇടപെടല്‍ മുഖേന അന്യ സംസ്ഥാനങ്ങളില്‍ നിന്നും മരുന്നുകളും അവശ്യ വസ്ഥുക്കളും ആവശ്യത്തിലേറെ എത്തിക്കാനായി. കെ.എം.എസ്.സി.എല്‍. മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകാത്ത തരത്തില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പ്രളയത്തോടനുബന്ധിച്ച് 84 പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പ്രളയത്തിന്റെ തുടക്ക സമയത്ത് രണ്ട് ആത്മഹത്യകളുണ്ടായെങ്കിലും പിന്നീടൊന്നുപോലും ഉണ്ടാകാതെ സംരക്ഷിക്കാന്‍ കഴിഞ്ഞത് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി നടത്തിയ കൗണ്‍സിലിംഗിന്റെ ഫലമാണ്.

ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന 84,000 പേര്‍ക്ക് ചികിത്സാ രേഖകള്‍ നഷ്ടമായി. അതെല്ലാം പുന:സ്ഥാപിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ഡയാലിസിസ് ആവശ്യമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി ധാരാളം രോഗികളുണ്ടായിരുന്നെങ്കിലും അതില്‍ നിന്നും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മെഡിക്കല്‍ മാനേജുമെന്റും ഭംഗിയായി നിര്‍വഹിച്ചു. പുറത്തു നിന്നുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ ഫലപ്രദമായി വിന്യസിക്കാന്‍ കഴിഞ്ഞു. ആരോഗ്യ വകുപ്പിലെ ജീവനക്കാരോടൊപ്പം ഐ.എം.എ. തുടങ്ങിയ സംഘടനകള്‍, പിജി വിദ്യാര്‍ത്ഥികകള്‍ തുടങ്ങിയവര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 843 ഡോക്ടര്‍മാര്‍, 505 നഴ്‌സുമാര്‍, 179 ഫാര്‍മസിസ്റ്റ്, 29 ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, 72 പബ്ലിക് ഹെല്‍ത്ത് ടീം എന്നിവര്‍ സേവന സന്നദ്ധരായി എത്തിയിരുന്നു. സ്വകാര്യ ആശുപത്രികളുടെ സേവനവും സ്തുത്യര്‍ഹമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും സഹായിക്കാനുണ്ടായിരുന്നു. കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തെ നേരിടാന്‍ കഴിഞ്ഞത് ഒറ്റക്കെട്ടായുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ടാണ്. ഏക മനസോടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button