കോഴിക്കോട് : കമ്മാടി കോളനിയിലെ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം ഉത്സവമായിരുന്നു.കാരണം മറ്റൊന്നുമല്ല കാൽനൂറ്റാണ്ടിനിപ്പുറം അവരുടെ കാരിച്ചിയമ്മ സംസാരിച്ചുതുടങ്ങി ദിവസമായിരുന്നു. ബളാൽ പഞ്ചായത്തിലെ അതിർത്തിഗ്രാമമായ കമ്മാടി കോളനിയിലെ ചെറൂട്ടവീട്ടിൽ കുഞ്ഞിക്കയുടെ ഭാര്യ പാട്ടത്തിൽ കാരിച്ചിക്ക് ഇപ്പോൾ 75 ആണ് പ്രായം.
25 വർഷം മുമ്പ് ഒരു ദിവസം ഉറക്കത്തിൽനിന്ന് എഴുന്നേറ്റ കാരിച്ചി പിന്നീട് സംസാരിച്ചിട്ടില്ല. കാരിച്ചിയെക്കൊണ്ടുപോകാത്ത ആശുപത്രികളില്ല. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായി. ഒടുവിൽ ഭാര്യയുടെ ശബ്ദം കേൾക്കാതെ ഭർത്താവ് കുഞ്ഞിക്ക അഞ്ച് വർഷം മുമ്പ് യാത്രയായി.
കൊന്നക്കാട്ടെ കരിമ്പിൽ കുഞ്ഞിക്കോമൻ എന്ന ജന്മിയുടെ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു കുഞ്ഞിക്കയും കാരിച്ചിയും. എന്നാൽ സംസാരശേഷി നഷ്ടപ്പെട്ടതോടെ കാരിച്ചി ജോലിക്ക് പോകാതെയായി.
ഇളയമകൾ ശാന്തയ്ക്കൊപ്പമാണ് മലമുകളിലെ വീട്ടിൽ ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അമ്മ മൂളിപ്പാട്ട് പാടുന്നത് ശാന്ത കേട്ടത്.
സംഭവം അറിഞ്ഞു വന്നവരെല്ലാം ആശ്ചര്യത്തോടെ അവരുടെ വാക്കുകൾ കേട്ടു. പിന്നെ അവിടെ ബന്ധുക്കളും നാട്ടുകാരും ഉറ്റവരും എല്ലാം ചേർന്ന് അത് ഒരു ആഘോഷമാക്കി. പായസം വച്ച് വിതരണം ചെയ്തു. മക്കളും ബന്ധുക്കളും ഇത്രയും കാലം മിണ്ടാതിരുന്നതെന്തേ എന്ന് ചോദിച്ചപ്പോൾ മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നായിരുന്നു കാരിച്ചി മറുപടി.
Post Your Comments