ഭോപ്പാല്‍: സ്വകാര്യ അഭയ കേന്ദ്രത്തിന്റെ ഉടമ തങ്ങളെ വര്‍ഷങ്ങളായി ചൂഷണം ചെയ്യുകയാണെന്ന പരാതിയുമായി കുട്ടികള്‍ രംഗത്ത്. കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് അന്തേവാസികളായ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും ഇവര്‍ പറഞ്ഞു. അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ എഴുപതുകാരനെ അറസ്റ്റ് ചെയ്തു.
സാമൂഹിക ക്ഷേമ വകുപ്പിലാണ് കുട്ടികള്‍ പരാതി നല്‍കിയത്. മൂന്നു ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന അന്തേവാസികളാണ് പരാതിയുമായി വകുപ്പിനെ സമീപിച്ചത്. പിന്നീട് പൊലീസിലും പരാതി നല്‍കി. ലൈംഗികചൂഷണത്തെ തുടര്‍ന്ന് അമിത രക്തസ്രാവം മൂലമാണ് അന്തേവാസിയായിരുന്ന ബാലന്‍ കൊല്ലപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. തല പിടിച്ച് ചുമരില്‍ അടിച്ച് പിന്നീട് രാത്രിയില്‍ പുറത്തു നിര്‍ത്തിയതിനെ തുടര്‍ന്നുള്ള തണുപ്പു സഹിക്കാനാവാതെയാണ് മറ്റു രണ്ട് മരണങ്ങള്‍ നടന്നതെന്ന ആരോപണവും പരാതിയിലുണ്ട്.
സാമൂഹികക്ഷേമ മന്ത്രാലയത്തിനു കീഴില്‍ 1995 മുതല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണിത്. 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് ഇവിടെ 203 മുതല്‍ താമസിക്കുന്നത്. മുഴുവന്‍ സമയ വാര്‍ഡന്‍ ഇല്ലാത്തതിനാല്‍ പത്തു വര്‍ഷമായി നാലു ടീച്ചര്‍മാരാണു കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്.
കേള്‍വിക്കും സംസാരത്തിനും പരിമിതികളുള്ള ചില അന്തേവാസികള്‍ തങ്ങളെ സമീപിച്ചു പരിഭാഷകന്റെ സഹായത്തോടെ കാര്യങ്ങള്‍ അറിയിച്ചെന്നും അഭയകേന്ദ്രത്തിന്റെ ഉടമയുടെ ശാരീരികവും മാനസികവുമായ പീഡനത്തിനെതിരെ പരാതി എഴുതി നല്‍കിയെന്നും സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍ കൃഷ്ണമോഹന്‍ തിവാരി അറിയിച്ചു.
Post Your Comments