Latest NewsKerala

വിപ്രോ ആവശ്യപ്പെട്ടത് 3 കോടിയോളം :വെബ്‌പോര്‍ട്ടല്‍ നിര്‍മ്മാണം മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം•വെബ്‌പോര്‍ട്ടല്‍ നിര്‍മ്മാണ ചുമതല കെ.പി.എം.ജി എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചത് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണെന്ന് നോര്‍ക്ക റൂട്ട്‌സ് . നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് നിലവിലെ സംവിധാനം അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സമഗ്രമായ ഏകീകൃത വെബ് പോര്‍ട്ടലിന് രൂപം നല്‍കാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് അംഗീകാരമുള്ള സംസ്ഥാനത്തെ ഒരേയൊരു അംഗീകൃത ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിന്റെ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം, തിരിച്ചെത്തിയ മലയാളികളുടെ പുനരധിവാസം, പ്രവാസി മലയാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കലും വിതരണവും എന്നിവ ഉള്‍പ്പെടെ 12 സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൃഹത്തായ വെബ് പോര്‍ട്ടല്‍ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ അന്താരാഷ്ട്ര ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള ജോബ് പോര്‍ട്ടലും ഇതിന്റെ ഭാഗമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നോര്‍ക്ക റൂട്ട്‌സിന്റെ പ്രചാരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. സോഫ്റ്റ്‌വെയറുകള്‍ നവീകരിക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഡാറ്റാബേസ് രൂപീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശ്യമുണ്ട്. ഇതിനെല്ലാമായി ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് മുഖേന പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വീസസ് ഇന്‍കോര്‍പ്പറേറ്റഡ് (നിക്‌സി) എന്ന സ്ഥാപനം എംപാനല്‍ ചെയ്തിട്ടുള്ള ഏജന്‍സികളില്‍നിന്ന് കെ.എസ്.ഐ.ഡി.സി റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍.എഫ്.പി) ക്ഷണിച്ചത്. കെ.പി.എം.ജി, വിപ്രോ, ഏണസ്റ്റ് ആന്റ് യങ്, ഡെലോയിറ്റ്, പി.ഡബ്ല്യു.സി എന്നീ ഏജന്‍സികളാണ് നിലവില്‍ നിക്‌സി എംപാനല്‍ ചെയ്തിട്ടുള്ളത്. 2018 ഏപ്രില്‍ 14ന് നടന്ന പ്രീ ബിഡ് മീറ്റിംഗില്‍ കെ.പി.എം.ജി, വിപ്രോ, പി.ഡബ്ല്യു.സി എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. കെ.പി.എം.ജി, വിപ്രോ എന്നിവ നിശ്ചിത സമയത്തിനുള്ളില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും മെയ് 14ന് അവര്‍ ടെക്‌നിക്കല്‍ കമ്മിറ്റി മുമ്പാകെ പ്രസന്റേഷന്‍ നടത്തുകയും ചെയ്തു. രണ്ട് കൂട്ടരും യോഗ്യത നേടിയതിനെത്തുടര്‍ന്ന് മെയ് 18ന് ഫിനാല്‍ഷ്യല്‍ ബിഡ് പരിശോധിച്ചു. വിപ്രോ 2 കോടി 97 ലക്ഷം രൂപയും കെ.പി.എം.ജി 66 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. അതിനെത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ട സ്ഥാപനമായ കെ.പി.എം.ജിയെ കെ.എസ്.ഐ.ഡി.സി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയായായിരുന്നു.

പ്രൊപ്പോസല്‍ അടങ്ങുന്ന ശുപാര്‍ശ പ്രകാരമുള്ള ജോലികള്‍ ചെയ്യിക്കുന്നതിന് കെ.എസ്.ഐ.ഡി.സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അതോടൊപ്പം ആവശ്യകതകള്‍ വീണ്ടും വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തെ ധരിപ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പാലിച്ച് ജോലി പൂര്‍ത്തിയാക്കണമെന്ന് ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടും ആഗസ്റ്റ് 17ന് 446/2018/നോര്‍ക്ക എന്ന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി സെപ്റ്റംബര്‍ 12 ന് യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലിനും ശേഷം കെ.പി.എം.ജിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കുകയായിരുന്നു.

നാലുമാസത്തെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷമാണ്. ഉത്തരവിലേക്ക് നീങ്ങിയത്. 66 ലക്ഷം രൂപ ചെലവാക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ശരിയല്ല. ഇത്തരം ജോലികള്‍ക്ക് വേണ്ടിവരുന്നതും ഐ.റ്റി സ്ഥാപനങ്ങള്‍ നിലവില്‍ ഈടാക്കുന്നതുമായ പ്രതിഫലം പരിശോധിച്ചാല്‍ നോര്‍ക്ക റൂട്ട്‌സ് ഉണ്ടാക്കിയ കരാര്‍ സ്ഥാപനത്തിന് മെച്ചമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കാമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button