കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആയുഷ് വകുപ്പിന്റെ ആദരവ് അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വേളി സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആരോഗ്യ കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. തീരദേശവാസികള്‍ക്കായി ആയുര്‍വേദ, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി.
മനുഷ്യ സ്നേഹമാണ് എല്ലാത്തിലും വലുതെന്ന പാഠമാണ് പ്രളയകാലം പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ കാവലാളുകളാണെന്ന് ഈ നാളുകളില്‍ തെളിയിക്കപ്പെട്ടു. തീരമേഖലയ്ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്. തീരദേശത്തെ നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു വര്‍ഷത്തിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.
പ്രളയ ബാധിത പ്രദേശങ്ങളില്‍ ചികിത്സയ്ക്കൊപ്പം പ്രത്യേക കൗണ്‍സലിംഗ് പരിപാടികളും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ഇതുവരെ 1.35 ലക്ഷം പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. മൂവായിരം പേര്‍ക്ക് ചികിത്സ വേണ്ടി വന്നു. എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പ്രളയ മേഖലകളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ അസാമാന്യ ധീരതയാണ് കാട്ടിയതെന്ന് മന്ത്രി പറഞ്ഞു.
ആയുഷ് സെക്രട്ടറി കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപതി ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ഗവ. ഹോമിയോ കോളേജ് പി. സി. ഒ ഡോ. സുനില്‍രാജ്, ഔഷധി എം. ഡി കെ. വി. ഉത്തമന്‍, ഹോംകോ എം. ഡി ഡോ. ജോയി, ഡോ. എം. സുഭാഷ്, സെന്റ് തോമസ് പള്ളി വികാരി ഫാ. യേശുദാസന്‍ മത്യാസ്, ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
Post Your Comments