Latest NewsEntertainment

പ്രളയം വിഴുങ്ങിയ കേരളത്തിന്റെ മനസറിഞ്ഞ് സമത്വം. യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്കെത്തിയ ‘സമത്വം’ എന്ന ഹൃസ്വചിത്രത്തിന്റെ അന്‍പതിനായിരാമത്തെ കാഴ്ചക്കാരനായത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി

കേരളം മുഴുവന്‍ ഏറ്റെടുത്ത ഈ ഹൃസ്വചിത്രം വിഎസിന്റേയും മനം കവര്‍ന്നു.

പ്രളയം വിഴുങ്ങിയ കേരളത്തിന്റെ മനസറിഞ്ഞ് സമത്വം. ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴി പ്രേക്ഷകരിലേക്കെത്തിയ ‘സമത്വം’ എന്ന ഹൃസ്വചിത്രത്തിന്റെ അന്‍പതിനായിരാമത്തെ കാഴ്ചക്കാരനായത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. കേരളം മുഴുവന്‍ ഏറ്റെടുത്ത ഈ ഹൃസ്വചിത്രം വിഎസിന്റേയും മനം കവര്‍ന്നു. ചിത്രം നല്ലൊരു സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അണിയറപ്രവര്‍ത്തകര്‍ അഭിനന്ദം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ‘മൈബോസ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ക്യാമറമാനായ അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം കാലത്തിനും മുന്‍പേ കരുതി വെച്ചതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ചതയ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണ് അവസാനിക്കുന്നത്. സമത്വം എന്നതിന്റെ അര്‍ത്ഥം കേരള ജനത മനസിലാക്കിയ ഒരു കാഴ്ചയായിരുന്നു പ്രളയ മുഖത്ത് നാം കണ്ടത്. നിരവധി മനുഷ്യ ജീവനുകള്‍ ഇല്ലാതായപ്പോള്‍, സ്വന്തമാക്കിയവയെല്ലാം നഷ്ടപ്പെട്ടവരെ കണ്ടപ്പോള്‍ മലയാളികള്‍ ഒന്നടക്കം അവരെ ചേര്‍ത്തുപിടിച്ചു. ദുരന്ത മുഖത്ത് കണ്ടതിന്റെ നേര്‍ സാക്ഷ്യമാണ് ‘സമത്വം’ പറയുന്നത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ വെട്ടാനും കുത്താനും നടന്നവര്‍ പ്രകൃതിയുടെ കലിയ്ക്ക് മുന്‍പില്‍ സമന്മാരായി. അവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രേക്ഷകനെ കീഴടക്കിയ സമത്വം കാലത്തിനും മുന്‍പേ പിറന്ന കലാസൃഷ്ടി എന്നതിന് യാതൊരു സംശയവുമില്ല. ഈ കലാസൃഷ്ടി ഫെബ്രുവരിയിലാണ് അനില്‍ നായര്‍ ചിത്രീകരിക്കുന്നത്.

മഴയുടേയും പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മനുഷ്യ ഹൃദയത്തിലൂടെ പെയ്തിറങ്ങിയ അത്ഭുതം പേറുന്ന നൊമ്പര യാത്രയാണ് ഈ ചിത്രം. സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒരു കൂട്ടം ജനങ്ങളെയാണ് നമുക്ക് ‘സമത്വ’ ത്തില്‍ കാണാന്‍ കഴിയുക. സമത്വത്തിലെ കഥാപാത്രങ്ങള്‍ നമ്മള്‍ ഓരോരുത്തരുമാണ്. മനുഷ്യ ജീവിതത്തില്‍ ഏറ്റവും ആവശ്യമായ ഘടകം പണമോ പ്രതാപമോ അല്ല, ഏത് നിമിഷവും എന്തും സംഭവിക്കും. മുന്‍കൂട്ടി ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. അതുതന്നെയാണ് ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതും.

കാലങ്ങളോളം പ്രേക്ഷകരില്‍ തറയ്ക്കപ്പെടുന്ന വിട്ടുമാറാത്ത വിങ്ങലിന്റെ തനിയാവര്‍ത്തനം തന്നെയാണ് സമത്വം. ഹരിനായര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗും, ഛായാഗ്രഹണവും നിര്‍വഹിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷല്‍ എഫക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്‌സ് കണ്ണനും നിര്‍വഹിക്കുന്നു. കളറിംഗ് സുജിത് സദാശിവന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ പ്രിയ അനില്‍ നായര്‍, ചമയം പ്രദീപ് രംഗന്‍, നിര്‍മ്മാണ നിര്‍വ്വഹണം വര്‍ഗ്ഗീസ് ആലപ്പാട്ട്, ശിവന്‍ പൂജപ്പുര, സൗണ്ട് മിക്‌സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാര്‍ എന്നിവരും നിര്‍വഹിക്കുന്നു.

ഏതോ പ്രവാചക അരുള്‍പ്പാടുപോലെ കേരളം സാക്ഷിയായ മഹാപ്രളയും പേമാരിയും ആറുമാസം മുമ്പ് തന്നെ കൃത്രിമമായി ചിത്രീകരിച്ച ‘സമത്വം’ ജൈത്രയാത്ര തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button