ഇതിഹാസങ്ങളിലും പുരാണങ്ങളിലും ചരിത്രത്തിലും പൊതുവായ ഒരു കഥാപാത്രമുണ്ടാകും. അവന് വ്യക്തിത്വമോ പ്രത്യേകിച്ചൊരു പേരോ ഉണ്ടായിരിക്കില്ല. ചരിത്രവും പുരാണവും വായിക്കുന്നവര്‍ക്കാര്‍ക്കും അവനോട് പ്രത്യേകിച്ചൊരു മമമതയുമുണ്ടാകില്ല. പകരം വെറുക്കപ്പെട്ടവനോടോ വില്ലനോടോ തോന്നുന്ന ഒരു തരം ഈര്‍ഷ്യയായിരിക്കും അവനോടും തോന്നുക. ‘ചാരന്‍’ എന്നായിരിക്കും അവന്‍ അറിയപ്പെടുന്നത്. അവന്റെ ജോലി ചാരവൃത്തിയും. ആ വിളിപ്പേരില്‍ തകര്‍ന്നു തരിപ്പണമായിപ്പോയ സത്യസന്ധനായ ഒരുദ്യോഗസ്ഥന് കാല്‍നൂറ്റാണ്ടിന് ശേഷം ഇന്ത്യയുടെ പരമോന്നത നീതിന്യായവ്യവസ്ഥ വില കല്‍പ്പിച്ചിരിക്കുന്നു. ഏറെ വിവാദം സൃഷ്ടിച്ച, കെ കരുണാകരനെന്ന രാഷ്ട്രീയ ചാണക്യന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനസര്‍ക്കരാണ് തുക നല്‍കേണ്ടത്.
READ ALSO: സുപ്രീം കോടതി വിധി: നമ്പി നാരായണന്റെ പ്രതികരണം ഇങ്ങനെ
1994 നവം 30 നാണ് ചാരക്കേസില്‍ നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം. ആ ആരോപണത്തിന്റെ പേരില്‍ 52 ദിവസം ജയിലില്‍ കഴിയേണ്ടിവന്നു നമ്പിനാരായണന്. തിരികെയത്തി വില്‍പത്രം തയ്യാറാക്കി ആത്മഹത്യക്ക് തയ്യാറെടുത്ത അച്ഛനെ മകള്‍ തിരുത്തി.ചാരന്‍ എന്ന് അവഹേളിക്കപ്പെട്ടല്ല മരിക്കേണ്ടതെന്നും അങ്ങനെ മരിച്ചാല്‍ ലോകാവസാനം വരെ ആ പേര് മാത്രമേ ബാക്കിനില്‍ക്കൂ എന്ന് വിവേകത്തോടെ മകള്‍ ഉപദേശിച്ചപ്പോള്‍ ആത്മാവിനെപ്പോലും അപമാനിക്കുന്ന ആ പേരില്‍ നിന്ന് പുറത്തുകടന്ന് സത്യമെന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന് നമ്പി നാരായണന്‍ തീരുമാനമെടുക്കുകയായിരുന്നു.
കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ല്‍ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യസിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയും നടപടി വേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡികെ ജയ്ന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ ഹൈക്കോടതിക്ക് ്പിന്നാലെ നഷ്ടപരിഹാരക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നും നമ്പി നാരായണന് അനുകൂലമായി വിധി വന്നത് തീര്‍ത്തും സ്വാഗതാര്‍ഹം തന്നെയാണ്. പക്ഷേ എന്തിനായിരുന്നു ഈ കേസെന്നും എന്തിന് വേണ്ടിയാണ് നിരപരാധിയായ താന്‍ ക്രൂശിക്കപ്പെട്ടതെന്നും നീതിപീഠത്തിന് ബോധ്യമാകണമെന്ന നമ്പി നാരായണന്റെ ആവശ്യത്തിനും നീതി ലഭിക്കുമ്പോഴേ കേസ്് പൂര്‍ണമായും വിജയിക്കുന്നുള്ളു. നമ്പി നാരായണനെതിരെയുള്ള കേസ് തെറ്റാണെന്ന് ബോധ്യപ്പെട്ട സിബിഐ അദ്ദേഹത്തിന് അനുകൂലമായും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനസര്‍ക്കാര്‍ ഈ കേസ് അവസാനിപ്പിച്ചതായി ഉത്തരവിറക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തോട് കണ്ണടച്ചു. ചാരക്കേസ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും അതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്നും സിബിഐ സ്വമേധയാ സുപ്രീംകോടതിയെ അറിയിച്ചതാണ്. എന്നാല്‍, സിബിഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലപാടു വ്യക്തമാക്കുകയായിരുന്നു. നമ്പി നാരായണന് നഷ്ടപരിഹാരത്തുക നല്‍കുന്നതിന് പ്രാധാന്യം നല്‍കിയാണ് കോടതി കേസ് വാദം കേട്ടത്. നഷ്ടപരിഹാരമല്ല കുറ്റക്കാര്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണ് തനിക്ക് വേണ്ടതെന്ന് നമ്പിനാരായണനും കോടതിയെ നേരിട്ടറിയിച്ചതാണ്.
അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെല്ലോഷിപ്പും വേണ്ടെന്ന് വെച്ച് പിറന്ന നാടിനെ സേവിക്കാനെത്തിയ ഒരു രാജ്യസ്‌നേഹിയാണ് രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ടത്. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നുള്ള വിധിക്ക് എത്രയോ മുമ്പ് തന്നെ അദ്ദേഹത്തിന്റെ നിരപരാധിത്വം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞതാണ്. രാജ്യസ്‌നേഹിയായ ആ മുന്‍ ശാസ്ത്രജ്ഞനെപ്പോലെ തന്നെ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അതിനായി ചരട് വലിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള ശക്തമായ നടപടിയാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കുടുക്കാന്‍ നമ്പി നാരായണനെ കരുവാക്കി നടത്തിയ രാഷ്ട്രീയ ഗൂഢോലാചന ആയിരുന്നു ചാരക്കേസെന്നാണ് കെ. കരുണാകരന്റെ മക്കളും കോണ്‍ഗ്രസ് നേതാക്കളുമായതികളുടെ കെ മുരളീധരനും പദ്മജ വേണുഗോപാലും ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ കേസില്‍ നമ്പി നാരായണനേെപ്പാലെ തന്നെ ക്രൂശിക്കപ്പെട്ട വ്യക്തിയാകും കെ കരുണാകരനും. ഇക്കാര്യങ്ങള്‍ നീതിപീഠത്തിന്റെ മുന്നില്‍ തെളിയിക്കപ്പെടണം. ആരൊക്കെയായിരുന്നു ഇത്തരത്തിലൊരു നാടകത്തിന് പിന്നിലെന്ന് കേരളത്തെ ബോധ്യപ്പെടുത്താന്‍ ചാരക്കേസിലെ നിയമയുദ്ധം തുടരണം. ഇനി തെളിയിക്കപ്പടേണ്ടത് നിരപരാധിത്വമല്ല മറിച്ച് വലിച്ചുകീറപ്പെടേണ്ടത് രാഷ്ട്രീയലാഭത്തിനായി നടന്ന ആ നെറികെട്ട കളിയുടെ അമരക്കാരുടെ പൊയ്മുഖമാണ്.
Post Your Comments