
മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. 2010-ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 15 പേര്‍ക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സെപ്റ്റംബര്‍ 21നകം ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും കോടതിയില്‍ ഹാജരാവുമെന്ന് ടിഡിപി നേതാവും സംസ്ഥാന ഐടി വകുപ്പ് മന്ത്രിയുമായ നായിഡുവിന്റെ മകന്‍ എന്‍. ലോകേഷ് അറിയിച്ചു.
തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കാനാണ് ചന്ദ്രബാബു നായിഡു അന്ന് സമരത്തില്‍ പങ്കെടുത്തതെന്നും ലോകേഷ് ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ് വിഭജനത്തിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്തവരില്‍ നായിഡുവിനെ കൂടാതെ നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍. ആനന്ദ് ബാബു എന്നിവരുമുണ്ട്. സമരസമയത്ത് ടിഡിപി എംഎല്‍എയും പിന്നീട് തെലങ്കാന രാഷ്ട്രസമിതിയില്‍ ചേരുകയും ചെയ്ത ജി. കമല്‍കറും കേസിലെ പ്രതിയാണ്.
Post Your Comments