അഴിമതിക്ക് കുട പിടിച്ചവർ ഇന്നിപ്പോൾ ചാരിത്ര്യ പ്രസംഗം നടത്തുകയാണ്. അതാണ് ദേശീയതലത്തിൽ ഇന്നിപ്പോൾ നാം കാണുന്നത്. നൂറുകണക്കിന് കോടി നമ്മുടെ ബാങ്കുകളെ തട്ടിച്ച് വിദേശത്ത് സുരക്ഷിത താവളം തേടിയ വിജയ് മല്ല്യ ലണ്ടനിൽ നടത്തിയ പ്രതികരണത്തെച്ചൊല്ലി കോൺഗ്രസുകാർ ഉറഞ്ഞുതുള്ളുന്നതും ആഹ്ളാദിക്കുന്നതും കാണുമ്പൊൾ സങ്കടം വരുന്നു. ആരാണ് വിജയ് മല്ല്യക്ക് വഴിവിട്ടു ബാങ്ക് ലോണുകൾ തരപ്പെടുത്തി കൊടുത്തത്. ആരാണ് അത് തിരിച്ചടിക്കാതിരുന്ന മല്ല്യയ്ക്ക് സംരക്ഷണം കൊടുത്തത്….. അയാളുടെ വിമാനക്കമ്പനി കോൺഗ്രസിന് ചെയ്തുകൊടുത്ത ആനുകൂല്യങ്ങൾ എന്തൊക്കെയാണ്…… അതുമായി സോണിയ പരിവാറിനുളള താല്പര്യങ്ങൾ എന്തൊക്കെയാണ്?. ഇതൊക്കെ സമൂഹം ചർച്ചചെയ്യേണ്ടതുണ്ട്, വിലയിരുത്തേണ്ടതുണ്ട്. ഓരോന്നോരാന്നായി പരിശോധിക്കാം.
ഇപ്പോൾ പ്രശ്നം ഒരു പ്രമുഖ ബാങ്ക് തട്ടിപ്പുകാരൻ ധനകാര്യ മന്ത്രിയുമായി സംസാരിച്ചു എന്നതല്ലേ. അന്ന് വിജയ് മല്ല്യ രാജ്യസഭാംഗമായിരുന്നു. സ്വാഭാവികമായും എംപിമാരും മന്ത്രിമാരുമൊക്കെ പാർലമെന്റിൽ വെച്ചുകാണുന്നുണ്ടാവും. ഇവിടെ മല്ല്യ തന്നെ പറയുന്നത് പാർലമെന്റ് ലോബിയിൽവെച്ച് അരുൺ ജെയ്റ്റ്ലിയെ കണ്ടുവെന്നാണ്. അതിൽ അസ്വാഭാവികതയില്ല. ഒരിക്കലല്ല, പലവട്ടം അവർ കണ്ടിരിക്കും. അങ്ങിനെ എന്തെങ്കിലും സംസാരിച്ചാൽ തന്നെ, ബാങ്ക് കടമൊക്കെ തീർക്കേണ്ടത് ധനകാര്യ മന്ത്രിയല്ലല്ലോ. അത് ബാങ്കുകളുമായി സംസാരിച്ചു പരിഹരിക്കണം. അതിനുശേഷം ബാങ്കുകൾ എന്തെങ്കിലും നിർദ്ദേശം മുകളിലേക്ക് അയച്ചാൽ മാത്രമേ അത് സർക്കാരിന് പരിശോധിക്കേണ്ടതായി വരൂ. അതല്ലാതെ, വിജയ് മല്ല്യയോ അതുപോലെ വേറെയാരെങ്കിലുമോ നേരിട്ട് ചെന്നാൽ ഒരു ധനമന്ത്രിക്കും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ബാങ്കുകളെ സമീപിക്കു എന്ന് ജെയ്റ്റ്ലി പറഞ്ഞതും അതുകൊണ്ടാണ്.
ഇതുപോലെ ആരൊക്കെ എന്തൊക്കെ മന്ത്രിമാരോട് പറയുന്നുണ്ടാവും. എന്തൊക്കെ ശുപാർശകൾ എംപിമാർ, പ്രതിപക്ഷ- ഭരണപക്ഷ ഭേദമന്യേ ഉന്നയിക്കുന്നുണ്ടാവും. അതൊക്കെ കേൾക്കും; വേണ്ടത് ചെയ്യും. ഇവിടെ മല്ല്യ ഒരു അപേക്ഷ പോലും കൊടുത്തിട്ടില്ല.
വേറൊന്ന് എന്തുകൊണ്ട് വിജയ് മല്ല്യ വിദേശത്ത് പോകുന്നത് തടഞ്ഞില്ല എന്നതാണ്. ന്യായമായ ചോദ്യമാണ് എന്ന് വേണമെങ്കിൽ തോന്നാം. അയാൾക്കെതിരെ കേസുകളുണ്ട്; അയാൾ കോടികൾ ബാങ്കുകൾക്ക് നൽകാനുണ്ട്. എന്തുകൊണ്ട് അയാളെ നാട് വിടാൻ അനുവദിച്ചു?. അതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു കാര്യം പക്ഷെ മറന്നുകൂടാ; നമ്മുടെ രാജ്യത്തെ നിയമമനുസരിച്ച് എംപിമാർക്ക് ‘ ഡിപ്ലോമാറ്റിക് പാസ്പ്പോർട്ടി’ ന് അവകാശമുണ്ട്. എംപിമാർക്കുമാത്രമല്ല അവരുടെ പത്നിക്കും അതിന് അവകാശമുണ്ട് എന്നതോർക്കുക. വിജയ് മല്ല്യ രാജ്യസഭംഗം ആയിരുന്നല്ലോ. അതുകൊണ്ട് അയാൾക്ക് ‘ ഡിപ്ലോമാറ്റിക് പാസ്പ്പോർട്ട് ‘ ഉണ്ടെങ്കിൽ?. ഇതാദ്യമായല്ല മല്ല്യ രാജ്യസഭയിലെത്തുന്നത്; അത് രണ്ടാമത്തെ ടെം ആണ്. അങ്ങനെയൊരാൾ ‘ ഡിപ്ലോമാറ്റിക് പാസ്പോർട്ട് കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ അതിശയിക്കാനില്ലല്ലോ. മറ്റൊന്ന് എംപിമാർക്ക് അത് അവകാശപെട്ടതാകയാൽ, ഏതെങ്കിലും എംപി ആവശ്യപ്പെട്ടാൽ നിരാകരിക്കാൻ കഴിയുകയുമില്ല; . … മറിച്ച് എന്തെങ്കിലും കോടതി നിർദ്ദേശവും മറ്റുമില്ലെങ്കിൽ.
ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ള ഒരാൾക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക പരിഗണനകൾ കിട്ടും. കസ്റ്റംസ് ക്ലിയറൻസ് ഒക്കെ വേണമെങ്കിലും അതിലൊക്കെ പ്രാധാന്യവും പരിഗണയും കിട്ടുന്നത് സ്വാഭാവികം. പിന്നെ നമ്മുടെ എംപിമാർ എന്താണ് ചെയ്യുക എന്നത് ഊഹിക്കാമല്ലോ; ഒരു ചെറിയ ആനുകൂല്യം ഉണ്ടെങ്കിൽ അത് പരമാവധി പ്രയോജനപ്പെടുത്തും. അതുകൊണ്ടുതന്നെ എംപി വിദേശത്തേക്ക് ടിക്കറ്റ് എടുത്തുചെന്നാൽ വിമാനത്താവളത്തിൽ ആരാണ് എതിർക്കുക, ആരാണ് സംശയിക്കുക. ആ പ്രയോജനം അയാൾ ഉപയോഗിച്ചിരിക്കണം. ലണ്ടനിലും മറ്റും ഇടക്കൊക്കെ പോകുന്ന ഒരാളെ, അതും എംപിയെ, എന്തിനാണ് എയർപോർട്ടിൽ തടഞ്ഞുവെക്കുക. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ എന്താണ് ഉണ്ടാവുക……?. പറഞ്ഞുവന്നത് എംപി എന്ന നിലക്കുള്ള ആനുകൂല്യങ്ങൾ അയാൾ പരമാവധി പ്രയോജനപ്പെടുത്തി എന്നത് കൊണ്ടാണ് വിദേശത്തേക്ക് കടക്കാനായത്. ഇനി ഒരു എംപിയെ വിമാനത്താവളത്തിൽ തടഞ്ഞു എന്ന് വെക്കുക. എന്തായിരിക്കും ഇവിടെ സംഭവിച്ചിരിക്കുക………കോലാഹലം. “ജനാധിപത്യ കശാപ്പ്” എന്നൊക്കെ ഇക്കൂട്ടർ തന്നെ വിളിച്ചുകൂവില്ലേ?.
ഇനി ആരാണ് മല്ല്യയെ വഴിവിട്ടു സഹായിച്ചത്. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകൾക്ക് കൊടുക്കാനുള്ള വേളയിലാണ് അയാൾക്ക് സഹായഹസ്തവുമായി മൻമോഹൻ സിങ് സർക്കാരെത്തിയത്. 2010 ൽ അയാളുടെ വായ്പ വീണ്ടും പരിഗണിക്കാനും കോടികൾ കൊടുക്കാനും ബാങ്കുകൾ തയ്യാറായി. അതിന് ആരാണ് ഉത്തരവാദി…. ആരാണ് അതിന് കൂട്ടുനിന്നത്?. ബാങ്കുകൾക്ക് സ്വയമേവ അത് ചെയ്യാനാവില്ല, തീർച്ച. ഇന്നിപ്പോൾ പുറത്തുവന്ന വിവരം, ആ വിധത്തിൽ നൂറു കണക്കിന് കോടികളുടെ വായ്പ വീണ്ടും ശരിയാക്കിയതിന് വിജയ് മല്ല്യ അന്നത്തെ പ്രധാനമനന്ത്രി മൻമോഹൻ സിങ്ങിന് കത്തയച്ചു…..അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട്. കാര്യങ്ങൾ അതിൽ നിന്ന് വ്യക്തമല്ലേ….. മാത്രമല്ല അതിനപ്പുറം ചിലതൊക്കെയുണ്ട്. അത് പുറത്തുവരാനിരിക്കുന്നതേയുള്ളു. രാഹുൽ ഗാന്ധിയും അമ്മയുമൊക്കെ കുറെ മറുപടി പറയേണ്ടതായി വരും. മൻമോഹൻ സിങ് എന്ന പ്രധാനമന്ത്രിക്കും വരും ദിവസങ്ങളിൽ നാവ് അടച്ചുപിടിച്ചിരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞദിവസമാണ് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ ഒരു പാർലമെന്ററി സമിതി മുൻപാകെ കുറെ കാര്യങ്ങൾ വെളിപ്പെടുത്തിയത്. യുപിഎ കാലഘട്ടത്തിലാണ് ഇപ്പോൾ കിട്ടാക്കടമായിട്ടുള്ള വൻ വായ്പകൾ ഒക്കെ നൽകിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എടുത്ത വായ്പ തിരിച്ചടക്കാത്തവർക്കും ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കും പിന്നീടും പണം ബാങ്കുകൾ കൊടുത്തു. അതൊക്കെ രാഷ്ട്രീയ ഇടപെടൽ കൊണ്ടായിരുന്നു എന്നും വ്യക്തം. 2008 വരെ ഇന്ത്യൻ ബാങ്കുകൾ കൊടുത്ത വായ്പ ഏതാണ്ട് 18 ലക്ഷം കോടി ആയിരുന്നു; 2014 ആയപ്പോഴേക്ക് അത് 52 ലക്ഷം കോടിയായി വളർന്നു; യുപിഎ കാലഘട്ടത്തിൽ വാരിക്കോരി കൊടുത്തു. അതാണ് ഇന്ത്യൻ സമ്പദ് ഘടനയെ തകർത്തത്, ബാങ്കുകളെ വലിയ പ്രതിസന്ധിയിലാക്കിയത്. ഇത് നരേന്ദ്ര മോഡി സർക്കാർ മനസിലാക്കിയപ്പോൾ മുതൽ വേണ്ടുന്ന നടപടി എടുത്തിരുന്നു. രഘുറാം രാജൻ പറയുന്നത് പോലെ മിണ്ടാതിരിക്കുകയല്ല മോഡി ചെയ്തത്. 2017 ലെ ബജറ്റിൽ ‘ഫ്യുജിറ്റിവ് ഒഫൻഡേർസ് നിയമം’ കൊണ്ടുവരുമെന്ന് പറഞ്ഞതോർക്കുക. അതിപ്പോൾ നടപ്പിലായി. വായ്പയെടുത്തിട്ട് നാടുവിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമമാണ്. അത് പ്രകാരമാണ് ഇപ്പോൾ നിരവ് മോഡി, വിജയ് മല്ല്യ തുടങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് ഓർക്കുക. മോഡി സർക്കാർ ചെയ്യുന്നത് അതാണ്…. അല്ലാതെ കള്ളന്മാരെ തട്ടിപ്പുകാരെ രക്ഷിക്കുകയായിരുന്നില്ല. രഘുറാം രാജൻ നടത്തിയ വെളിപ്പെടുത്തൽ പ്രതിസന്ധിയിലാക്കിയ കോൺഗ്രസിന് ഇപ്പോൾ വിജയ് മല്ല്യയുടെ പേരുപറഞ്ഞു വിവാദമുണ്ടാക്കാൻ ശ്രമിക്കാം. പക്‌ഷെ അത് വിജയിക്കാൻ പോകുന്നില്ല. അവർ കൂടുതൽ ചോദ്യങ്ങൾക്ക് നാളെ ഉത്തരം പറയേണ്ടതായി വരും, തീർച്ച.
Post Your Comments