KeralaLatest News

ആലുവ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു : തിട്ടയിൽ സ്വർണ്ണ നിറമുള്ള തിളക്കമേറിയ മണൽ

ചെറിയ പാറക്കഷ്ണങ്ങളും സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണലുമാണ് തിട്ടയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.

കൊച്ചി: പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു. പ്രളയത്തില്‍ നദിയിലെത്തിയ മണലും കരിങ്കല്‍ ചീളുകളുമാണ് തിട്ടയില്‍ നിറഞ്ഞിരിക്കുന്നത്. ഉരുള്‍പൊട്ടി വന്ന ചെറിയ പാറക്കഷ്ണങ്ങളും സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണലുമാണ് തിട്ടയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. കടത്തുകടവിനും മണപ്പുറത്തിനും ഇടയില്‍ പുതിയ നടപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് തിട്ട രൂപപ്പെട്ടിരിക്കുന്നത്.

പെരിയാറില്‍ ഇറങ്ങി മുട്ടറ്റം വെള്ളത്തില്‍ മണല്‍ത്തിട്ടയിലേക്ക് നടന്നു പോകാന്‍ കഴിയും. എന്നാല്‍ പെരിയാറിലെ ചില ഭാഗങ്ങളിലുള്ള കുഴിയും ചെളിയും കുപ്പിച്ചില്ലുമെല്ലാം ഇത്തരം സാഹസിക യാത്രയ്ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചെറുദ്വീപ് പോലെ തോന്നുന്ന പുതിയ കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവുമുണ്ട്. മണല്‍ത്തിട്ട കാണാന്‍ നൂറു കണക്കിന് പേരാണ് മണപ്പുറത്തെ കാല്‍നടപ്പാലത്തില്‍ എത്തുന്നത്. ഉച്ചയ്ക്കുശേഷം വേലിയേറ്റത്തില്‍ വെള്ളം ഉയര്‍ന്നതോടെ മണല്‍ത്തിട്ട അപ്രത്യക്ഷമായി.

പ്രളയത്തിനു ശേഷം പെരിയാറിലെത്തിയ മണല്‍ ശേഖരം മണല്‍ മാഫിയകള്‍ നോട്ടമിട്ടുകഴിഞ്ഞു. ഏതാനും ദിവസം മുന്‍പ് പരുന്തുറാഞ്ചി മണപ്പുറത്തു നിന്ന് മണല്‍ വാരി വഞ്ചിയില്‍ കടത്താനുള്ള ശ്രമം നടന്നിരുന്നു. ഇവരെ പിടികൂടാന്‍ കരയില്‍ നാട്ടുകാര്‍ കാത്തുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വഞ്ചി ഉപേക്ഷിച്ച്‌ മണല്‍വാരല്‍ തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button